National

മീൻ ആയുധമാക്കി മോദി; ‘മീൻ കഴിക്കൂ ബിജെപിയെ തുരത്തൂ’ പ്രചരണവുമായി മമത

Spread the love

ഭക്ഷണവും ഫുട്ബോളുമാണ് വെസ്റ്റ് ബംഗാളിലെ ജനത്തിൻ്റെ ഊർജ്ജമെന്നാണ് വിശേഷിപ്പിക്കുന്നത്. പ്രത്യേകിച്ചും മീൻ വിഭവങ്ങൾ. ബംഗാളി ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ് മീൻ. കളിക്കളത്തിലെ ബദ്ധ വൈരികളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള കളിക്കു ശേഷം വിജയം ആഘോഷിക്കുന്നതു പോലും മീൻ കഴിച്ചാണ്. ഈസ്റ്റ് ബംഗാളിന് ഹിൽസ, മോഹൻ ബഗാന് ഗോൾഡാ ചിംഗ്‌രി. ബംഗാളിൽ മീനെന്നാൽ ഹൈന്ദവ ആചാരങ്ങളിലടക്കം ഇടമുള്ള ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. തെരഞ്ഞെടുപ്പ് കൊടുമ്പിരി കൊണ്ടിരിക്കെ സംസ്ഥാനത്ത് ബിജെപിയുമായി ഒരു മീൻ യുദ്ധത്തിനാണ് തൃണമൂൽ തുടക്കം കുറിച്ചിരിക്കുന്നത്.

ബംഗാളിൽ തൃണമൂൽ ഉയർത്തുന്ന മാ-മതി-മനുഷ് മുദ്രാവാക്യത്തിനൊപ്പം മീൻ എന്ന അർത്ഥം വരുന്ന മാച്ഛ് കൂടി ചേർത്താണ് രാഷ്ട്രീയ പോര്. നവരാത്രി ദിനത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് മീൻ കഴിച്ചതിനെ വിമർശിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നത്. നവരാത്രി ദിനത്തിൽ വിശ്വാസികളിൽ ഒരു വിഭാഗം മാംസാഹാരം കഴിക്കില്ലെന്നതാണ് പ്രധാനമന്ത്രിയുടെ വിമർശനത്തിന് വഴിയൊരുക്കിയത്. താൻ ഏപ്രിൽ 8 ന് കഴിച്ച ഭക്ഷണമാണിതെന്നും വീഡിയോ പിന്നീട് പോസ്റ്റ് ചെയ്തത് മാത്രമാണെന്നും തേജസ്വി യാദവ് വിശദീകരിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.

എന്നാൽ മീൻ വിവാദത്തിൻ്റെ തലയ്ക്ക് തന്നെ പിടിച്ചിരിക്കുകയാണ് തൃണമൂൽ. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഉച്ചയ്ക്ക് എന്ത് കഴിക്കണം, രാത്രിയിൽ എന്ത് കഴിക്കണം എന്നതെല്ലാം അവർ തീരുമാനിക്കുന്ന് സ്ഥിതിയുണ്ടാവുമെന്ന് മമത ബാനർജി കൂച്ച് ബിഹാറിൽ ഒരു പൊതുയോഗത്തിൽ പറഞ്ഞു. ഇവിടെ തന്നെ മറ്റൊരു റാലിയിൽ അഭിഷേക് ബാനർജിയും പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നു. മീനും ഇറച്ചിയും ഇല്ലാതെ ബംഗാളികളുടെ വിശ്വാസപരമായ ആഘോഷങ്ങൾ പൂർത്തിയാകില്ലെന്ന് പ്രധാനമന്ത്രിക്ക് അറിയില്ലല്ലോ എന്നായിരുന്നു അഭിഷേകിൻ്റെ പരിഹാസം. ‘അരിയും മീനും കഴിക്കാൻ ബിജെപിയെ പുറത്താക്കൂ’ എന്ന പുതിയ മുദ്രാവാക്യം തൃണമൂലിൻ്റെ മറ്റുനേതാക്കളും ഏറ്റെടുത്തു.

പുഴയും കടലും കുളങ്ങളും ഇഴചേർന്ന് കിടക്കുന്ന ബംഗാളി ജീവിതത്തിൽ മീനുകൾക്ക് സ്വാഭാവികമായി കിട്ടിയ ഒഴിച്ചിടാനാകാത്ത ഇരിപ്പിടമുണ്ട്. വിവാഹ സത്കാരത്തിനും പൂജകളുടെ ഭാഗമായും ബംഗാളിൽ മീൻ വിഭവങ്ങൾ വിളമ്പാറുണ്ട്. വിഷ്ണുവിൻ്റെ അവതാരങ്ങളിൽ ഒന്നായി കാണുന്ന മീനുമായി ബംഗാളി ജീവിതം ചേർന്ന് കിടക്കുന്നത് ഇങ്ങനെയൊക്കെയാണ്. തൃണമൂൽ ബാരസാത് എംപിയും ഡോക്ടറുമായ കകോലി ഘോഷ് ദസ്‌തിദാർ മീൻ വിഭവങ്ങളുടെ മേന്മകളാണ് ഉയർത്തിക്കാട്ടുന്നത്. പ്രോട്ടീൻ അടങ്ങിയ ചെലവ് കുറഞ്ഞ ഭക്ഷണം, ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉൽപ്പാദിപ്പിക്കുന്നു, വൈറ്റമിൻ ഡിയും, ധാതുഘടകങ്ങളും അയഡിനും മീനുകളിൽ നിന്നു കിട്ടുന്നുവെന്നും അവർ പറയുന്നു.

ബംഗാളി ജീവിത്തിൻ്റെ മൂല്യങ്ങളെ തീർത്തും അവഗണിക്കുന്ന ബിജെപിയുടെ നിലപാടാണ് ഇതിലൂടെ പുറത്തായതെന്നാണ് സംസ്ഥാന ശിശുക്ഷേമ വകുപ്പ് മന്ത്രി ശശി പഞ്ച പ്രതികരിച്ചത്. ഫുട്ബോളും പാട്ടുകളും പോലെ ബംഗാളിക്ക് മീനും ജീവിത്തിന്റെ ഭാഗമാണെന്നും ഞങ്ങളുടെ ഹൃദയത്തിലുള്ളത് എന്താണെന്ന് മനസിലാകാതെ, ബിജെപിക്ക് എങ്ങനെ ഞങ്ങളെ ഭരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ പ്രതിരോധത്തിലായ ബിജെപി, പ്രധാനമന്ത്രിയുടെ വാക്കുകളെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്നുവെന്ന വാദമാണ് മറുപടിയായി ഉന്നയിക്കുന്നത്. നവരാത്രി സമയത്ത് ഒരുപാട് ആളുകൾ മീൻ കഴിക്കാറില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും, അല്ലാതെ മീൻ കഴിക്കുന്നതിന് എതിരായല്ല പറഞ്ഞതെന്നും ബിജെപി വക്താവും രാജ്യസഭാംഗവുമായ ഷമിക് ഭട്ടാചാര്യ പറയുന്നു. ഗോമാംസം കഴിക്കുന്നവരുടെ വോട്ട് നേടാൻ വേണ്ടി തൃണമൂൽ നേതാക്കൾ ബിജെപിയെ ഭക്ഷണ രീതിയിൽ വരെ ഇടപെടുന്നവരായി ചിത്രീകരിക്കുകയാണ്. ബംഗാൾ മുഖ്യമന്ത്രിക്ക് മീനിനോടും മത്സ്യത്തൊഴിലാളിയോടും യാതൊരു മമതയും ഇല്ലെന്നും ഷമിക് ഭട്ടാചാര്യ കുറ്റപ്പെടുത്തി.