‘ആദ്യം നാട്ടിലെത്തട്ടെ, ഉമ്മയെ കാണട്ടെ’; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കുടുംബം. അബ്ദുൽ റഹീം ഉമ്മയെ കണ്ട ശേഷം മതി സിനിമയെന്നും റഹിം നാട്ടിലെത്തിയ ശേഷം എന്തിനോടും സഹകരിക്കുമെന്നും അബ്ദുൽ റഹീമിന്റെ സഹോദരൻ നസീർ പറഞ്ഞു.
അബ്ദുറഹീമിന്റെ ജീവിതം സിനിമയാക്കാനുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്.എന്നാൽ സിനിമയാക്കാൻ ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി റിയാദിലെ റഹീം മോചന നിയമസഹായ സമിതിയും രംഗത്തെത്തിരുന്നു. സൗദിയിലെ നിയമവ്യവസ്ഥയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് മോചനത്തെ ബാധിക്കും എന്നാണ് വിലയിരുത്തൽ. ഇതേ അഭിപ്രായമാണ് കുടുംബത്തിനും. സിനിമയല്ല റഹീമിൻ്റെ ജീവനനാണ് വലുതെന്ന് റഹീമിൻ്റെ അമ്മാവൻ അബ്ബാസും പ്രതികരിച്ചു.