ഇവിഎമ്മിൽ തിരിമറി കാണിക്കാതിരുന്നാൽ ബിജെപിക്ക് 180ലധികം സീറ്റുകൾ ലഭിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി
വോട്ടിംഗ് മെഷീനിൽ തിരിമറി നടക്കാതെ രാജ്യത്ത് നീതിപൂർണമായ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബി.ജെ.പിക്ക് 180 സീറ്റിൽ അധികം നേടാൻ കഴിയില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശിലെ സഹരൺപുരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക, വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിക്കുകയായിരുന്നു.
400 സീറ്റിൽ അധികം നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ പ്രിയങ്ക ചോദ്യം ചെയ്തു. എന്തിന്റെ അടിസ്ഥാനത്തിലാണ് 400ൽ അധികം സീറ്റ് നേടുമെന്ന് അവർ പറയുന്നത്. അവർ ജോത്സ്യന്മാരാണോ. ഒന്നുകിൽ അവർ നേരത്തെതന്നെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകണം, അതുകൊണ്ടാകാം നാനൂറിൽ അധികം സീറ്റ് നേടുമെന്ന് പറയുന്നത്. അല്ലാത്തപക്ഷം, എങ്ങനെയാണ് നാനൂറ് സീറ്റ് നേടുമെന്ന് അവർക്ക് പറയാൻ കഴിയുക.
ഇന്ന് രാജ്യത്ത് വോട്ടിംഗ് മെഷീനിൽ ക്രമക്കേട് കാണിക്കാതെ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ ബി.ജെ.പിക്ക് 180ൽ അധികം സീറ്റുകൾ നേടാനാകില്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. വാസ്തവത്തിൽ 180ൽ കുറവ് സീറ്റുകളേ അവർക്ക് നേടാനാകൂവെന്നും പ്രിയങ്ക പറഞ്ഞു.