Monday, January 27, 2025
Uncategorized

കെഎസ്ഇബിയിൽ നിയമന നിരോധനം: ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് നിർദ്ദേശം

Spread the love

തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് കെഎസ്ഇബി ചെയർമാന്റെ നി‍ർദ്ദേശം. എച്ച് ആർ ചീഫ് എഞ്ചിനീയർക്കാണ് കെഎസ്ഇബി ചെയർമാൻ നിർദേശം നൽകിയത്. ചെയർമാന്റെ കത്തിന്റെ പകർപ്പ് റിപ്പോ‍ർട്ടറിന് ലഭിച്ചു. കെഎസ്ഇബിയിൽ പുനഃസംഘടന നടക്കുകയാണ്. ഈ ഘട്ടത്തിൽ 30201 എന്നതിൽ നിന്ന് ജീവനക്കാരുടെ എണ്ണം കൂട്ടരുതെന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ്റെ നി‍ർദ്ദേശമുണ്ട്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ നിയമനം പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് നി‍ർദ്ദേശിച്ചിരിക്കുന്നത്.

നിലവിൽ സംസ്ഥാനത്തെ വൈദ്യുതി വിതരണം പ്രതിസന്ധിയിലാണ്. തകരാറുണ്ടായാൽ പരിഹരിക്കാൻ പോലും കഴിയുന്നില്ല. സെക്ഷൻ ഓഫീസുകളിലെ ചുമതലക്കാരാണ് അസി. എഞ്ചിനീയർമാർ, ഇവരുടെ ഒഴിവുകൾ നികത്താത്തത് വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കും. നിലവിൽ അസിസ്റ്റന്റ് എഞ്ചിനിയർ തസ്തികയിൽ 240 ഒഴിവുകളാണുള്ളത്. 2026 ആകുമ്പോഴേക്ക് ഇത് 700 ഒഴിവുകളാകും. പി എസ് സി ഒടുവിൽ റിപ്പോർട്ട് ചെയ്തതിൽ ആറ് ഒഴിവുകൾ മാത്രമാണുള്ളതെന്നതും ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

സബ് എഞ്ചിനീയർമാരുടെ കാര്യത്തിലും സമാന സ്ഥിതിയാണുള്ളത്. നിലവിൽ 400 ഒഴിവുകളാണ് സബ് എഞ്ചിനീയർ തസ്തികയിലുള്ളത്. 2026 ആകുമ്പോഴേക്കും ഇത് 1000 ഒഴിവുകളാകും. ഇതുവഴി 20226 ആകുമ്പോഴേക്ക് കെഎസ്ഇബിയിൽ ആകെ 1700 ഒഴിവുകൾ ഉണ്ടാകും. ചെലവ് ചുരുക്കലിൻ്റെ മറവിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന തീരുമാനമെടുത്തിരിക്കുന്നത്. ഇതുവഴി ജനങ്ങൾക്ക് കിട്ടേണ്ട സർവീസ്സാണ് ഇല്ലാതാകുന്നത്.