World

വെള്ളവും ഭക്ഷണവുമില്ലാതെ സൂര്യപ്രകാശം മാത്രം നൽകി; പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ ബ്ലോ​ഗറായ പിതാവ് അറസ്റ്റിൽ

Spread the love

റഷ്യയിൽ‌ സസ്യാഹാരിയായ ജീവിതശൈലി പിന്തുടർന്ന് പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ പിതാവിന് എട്ട് വർഷം തടവ്. വെള്ളവും ശരിയായ ഭക്ഷണവും നൽകാതെ സൂര്യപ്രകാശം മാത്രം ഏൽക്കുന്ന രീതിയാണ് കുട്ടിക്ക് പിതാവ് നൽകിയിരുന്നത്. ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള, ഒന്നര കിലോ മാത്രം ഭാരമുള്ള കുഞ്ഞിനെയാണ് ബ്ലോ​ഗർ കൂടിയായ പിതാവ് കർശനമായ സസ്യാഹാരിയായ ജീവിതശൈലി പ്രോത്സാഹിപ്പിച്ചത്. കുട്ടിക്ക് മറ്റ് ഭക്ഷണം ആവശ്യമില്ലെന്നും സൂര്യപ്രകാശത്തിൽ നിന്ന് പോഷണം ലഭിക്കുമെന്നുമായിരുന്നു പിതാവിന്റെ വാദം.

റഷ്യൻ പൗരനായ മാക്സിം ല്യൂട്ടിയാണ് ശിക്ഷയ്ക്ക് വിധേയമായത്. ന്യുമോണിയയും തളർച്ചയുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ജീവൻ നിലനിർത്താൻ മാത്രമാണ് കുട്ടിക്ക് മാക്സിം ഭക്ഷണം നൽകിയിരുന്നത്. ബാക്കി പോഷകങ്ങളെല്ലാം ലഭിക്കാൻ സൂര്യപ്രകാശം കൊള്ളിച്ചു. കുട്ടിക്ക് മുലപ്പാൽ കൊടുക്കുന്നതിൽ നിന്ന് മാക്സിം പങ്കാളിയെ വിലക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഈ രീതി പിന്തുടരാൻ മറ്റുള്ളവരോട് ഉപദേശിക്കുകയും മാക്സിം ചെയ്തു.

മനപൂർവം ചെയ്ത കുറ്റമല്ലെന്നും ദുരുദ്ദേശ്യങ്ങളില്ലാതെ താൻ മകനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തുവെന്ന് മാക്സിം പ്രതികരിച്ചു. അതേസമയം മാക്സിമിന് മാനസിക പ്രശ്നമുണ്ടെന്നായിരുന്നു പങ്കാളിയുടെ മാതാവിന‍്റെ പ്രതികരണം. ഒരു ​ഗിനിപ്പന്നിയെ പോലെയും അടിമയെ പോലെയുമാണ് തന്റെ മകൾ അയാൾ‌ക്കൊപ്പം ജീവിച്ചിരുന്നതെന്നും മാതാവ് പറ‍‌ഞ്ഞു.