Kerala

പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം

Spread the love

കോൺഗ്രസ് പതാകയില്ലാതെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ. ഇതാദ്യമായാകും ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ജാഥയിൽ, പ്രത്യേകിച്ച് ദേശീയ നേതാവ് പങ്കെടുക്കുന്ന റാലിയിൽ പാർട്ടി പതാകയുടെ അസാന്നിധ്യമുണ്ടാകുന്നത്.

സുൽത്താൻ ബത്തേരിയിൽ ആവേശം വിതറിക്കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണം. അഞ്ചിടങ്ങളിലായിരുന്നു റോഡ് ഷോ. വൻ ജനാരവങ്ങൾക്കിട ഓപ്പൺ റൂഫ് വാഹനത്തിൽ രാഹുൽ ഗാന്ധി ജനങ്ങളോട് കോൺഗ്രസിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചപ്പോൾ നിരത്തുകളിലോ, പ്രവർത്തകരുടെ കൈയിലോ വാഹനത്തിലോ, പേരിനൊരു കോൺഗ്രസ് കൊടി പോലും ഉണ്ടായിരുന്നില്ല. കൊടിക്ക് പകരം രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതിച്ച പ്ലകാടുകളായിരുന്നു ജാഥയിൽ ഉടനീളം. കോൺഗ്രസ് കോടികൾ മാത്രമല്ല, ലീഗിന്റെ കൊടികളും റാലിയിൽ ഇല്ലായിരുന്നു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയിരുന്നു. അന്നത്തെ കാഴ്ചകളിൽ നിന്നും വിഭിന്നമായിരുന്നു ഇന്നത്തെ കാഴ്ച. 2019 ഏപ്രിൽ 3ന് അന്ന് രാഹുൽ ഗാന്ധി വയനാട്ടിലെത്തുമ്പോൾ കോൺഗ്രസ് പതാകകളേക്കാൾ ഒരുപടി മുന്നിൽ നിന്നത് ലീഗ് കൊടികളായിരുന്നു. ഈ ദൃശ്യങ്ങൾ കോൺഗ്രസിനെതിരെ തന്നെ വ്യാജ തലക്കെട്ടോടെ ഉത്തരേന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നു. കോൺഗ്രസ് റാലിയിൽ ഉപയോഗിച്ചിരിക്കുന്നത് പാകിസ്താൻ പതാകയാണെന്നായിരുന്നു അന്നത്തെ പ്രചാരണം. ഇതുകൊണ്ടാണ് കോൺഗ്രസിന് അമേഠിയിൽ തോൽവി നേരിട്ടതെന്നും വ്യാഖ്യാനങ്ങളുണ്ടായിരുന്നു.

ഇത്തവണ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലിയിൽ കോൺഗ്രസിന്റേയോ ലീഗിന്റേയോ പതാക ഉപയോഗിക്കേണ്ടതില്ലെന്ന് കെപിസിസി ആക്ടിംഗ് ചീഫ് എം.എം ഹസൻ നേരത്തെ തന്നെ വ്യക്തമാക്കി. തീരുമാനത്തിന് പിന്നിലെ കാരണം ബോധിപ്പിക്കേണ്ടതില്ലെന്നായിരുന്നു പാർട്ടിയുടെ നിലപാട്.

കോൺഗ്രസിന്റെ ഈ തീരുമാനം ആയുധമാക്കിയിരിക്കുകയാണ് എൽഡിഎഫും എൻഡിഎയും. യുഡിഎഫ് റാലിയിൽ ലീഗിന്റെ കൊടി ഉപയോഗിച്ചാൽ, ബിജെപി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത് പ്രചാരണായുധമാക്കുമോയെന്ന പേടി കോൺഗ്രസിനുണ്ടെന്നും, ബിജെപിയെ പേടിച്ചിട്ടാണ് യുഡിഎഫ് പതാകകളൊന്നും വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നുമാണ് സിപിഐഎമ്മിന്റെ ആരോപണം.

വന്യജീവി മനുഷ്യ സംഘഷവും, വയനാടിന്റെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളും യാത്ര ദുരിതവും രാഹുൽ ഗാന്ധിയുടെ ഇത്തവണത്തെ പ്രസംഗത്തിൽ പരാമർശിച്ചു. മെഡിക്കൽ കോളജിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഉദാസീനത എന്നും രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി. ഇതിനുശേഷം പുൽപ്പള്ളിയിലും, മാനന്തവാടിയിലും, വെള്ളമുണ്ടയിലും പടിഞ്ഞാറത്തറയിലും രാഹുൽ ഗാന്ധി പങ്കെടുത്തു . മാനന്തവാടി ബിഷപ്പ് ഹൗസിൽ എത്തിയ അദ്ദേഹം ബിഷപ്പുമാരായ ജോസ് പോരുന്നേടം, വർഗീസ് ചക്കാലക്കൽ, സഹായമെത്രാൻ അലക്‌സ് താരാമംഗലം തുടങ്ങിയവരും ആയി കൂടിക്കാഴ്ച നടത്തി . വയനാടിന്റെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്ന നിവേദനം സഭ നേതൃത്വം രാഹുൽ ഗാന്ധിക്ക് മുന്നിൽ സമർപ്പിച്ചു . മാനന്തവാടി അമലോൽഭവ മാതാ ദേവാലയത്തിലും രാഹുൽഗാന്ധി എത്തി.