National

സിഎഎ നടപ്പാക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും ബിജെപി പ്രകടന പത്രികയില്‍ എന്‍ആര്‍സി ഇല്ല

Spread the love

ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുമെന്ന പ്രഖ്യാപനമില്ല. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയിലെ മുഖ്യ വിഷയമായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്നത്. ഇത്തവണത്തെ പത്രികയില്‍ സിഎഎ നടപ്പിലാക്കുന്നത് മാത്രമാണുള്ളത്. സിഎഎ നടപ്പാക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് എന്‍ആര്‍സിയെന്ന് വിമര്‍ശനമുയരുമ്പോഴും രണ്ടും തമ്മില്‍ ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

അഭയാര്‍ത്ഥികള്‍ക്ക് സിഎഎ പ്രകാരം പൗരത്വം നല്‍കിയതിനുശേഷം എന്‍ആര്‍സി നടപ്പിലാക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുമെന്നും 2019 ഏപ്രിലില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സിഎഎ പ്രകാരം അര്‍ഹരായവര്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രകടന പത്രികയില്‍ ആവര്‍ത്തിക്കുന്നതിനിടയാണ് എന്‍ഡിഎ സിഎഎ വിഷയത്തില്‍ നിന്ന് ഉള്‍വലിയുന്നത്.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ആദ്യവും പിന്നീട് ഘട്ടം ഘട്ടമായി എന്‍ആര്‍സി രാജ്യത്ത് നടപ്പിലാക്കുമെന്നായിരുന്നു ബിജെപി വാദം. അനധികൃത കുടിയേറ്റം പല പ്രദേശങ്ങളുടെയും സാംസ്‌കാരത്തെയും ഭാഷ ഉള്‍പ്പെടെയുള്ള വൈവിധ്യത്തെയും ബാധിക്കുമെന്നും ഇതൊഴിവാക്കാനാണ് എന്‍ആര്‍സി നടപ്പാക്കുന്നതുമെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നത്. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പാക്കുന്നതിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്.

1955 ലെ പൗരത്വ നിയമം അനുസരിച്ച് ഇന്ത്യയിലെ പൗരന്മാരായി യോഗ്യത നേടുന്ന എല്ലാ വ്യക്തികളെയും കുറിച്ചുള്ള ജനസംഖ്യാപരമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് എന്‍ആര്‍സി. 1951ലെ സെന്‍സസിന് ശേഷമാണ് രജിസ്‌ട്രേഷന്‍ തയ്യാറാക്കിയത്. ഇതില്‍ പരിഷ്‌കരണം വരുത്തിയ 2019ലെ സുപ്രിംകോടതി ഉത്തരവ് അനുസരിച്ചാണ് അസമില്‍ എന്‍ആര്‍സി നടപ്പാക്കിയത്. നിലവില്‍ എന്‍ആര്‍സിക്ക് വേണ്ടിയാണ് സിഎഎ ഉപയോഗിക്കുന്നതെന്ന വിമര്‍ശനത്തെ പൂര്‍ണമായും എതിര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്തെ എല്ലാ പൗരന്മാരെയും ഔദ്യോഗികമായി പട്ടികപ്പെടുത്തുന്നതാണ് എന്‍ആര്‍സി എന്ന് പറയുന്നത്. ഇതുപ്രകാരം എല്ലാ പൗരന്മാരും പൗരത്വം തെളിയിക്കുന്നതിനായി നിര്‍ബന്ധപൂര്‍വം രജിസ്റ്റര്‍ ചെയ്യണം. ഇതോടെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും കേന്ദ്രസര്‍ക്കാര്‍ നല്‍കും. പൗരത്വത്തിനുവേണ്ടിയുള്ള ദേശീയ രജിസ്റ്ററായ എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്ത, നിശ്ചിത യോഗ്യതയില്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറി അഞ്ചു വര്‍ഷം പിന്നിട്ട് ഇന്ത്യയില്‍ താമസിക്കുന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജയിന്‍, പാഴ്സി മതവിഭാഗക്കാരെ എന്‍ആര്‍സി ബാധിക്കില്ല. എന്നാല്‍ ഇതേ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം വിഭാഗത്തിലുള്ളവര്‍ കുറഞ്ഞത് 12 വര്‍ഷമെങ്കിലും ഇന്ത്യയില്‍ താമസിക്കാത്തവരാണെങ്കില്‍ അവര്‍ക്ക് പൗരത്വത്തിന് യോഗ്യതയുണ്ടാകില്ല. അതുകൊണ്ടുതന്നെ എന്‍ആര്‍സി മതം, ജാതി, ലിംഗം എന്നിവയുടെ പേരില്‍ ഒരാളോടും വിവേചനം പാടില്ലെന്ന ഇന്ത്യന്‍ ഭരണഘടനയുടെ 5,10,14,15 എന്നീ വകുപ്പുകളുടെ ലംഘനമാണ്.