മണിപ്പൂരിലെ കുക്കി യുവാക്കളുടെ മരണം; കേസെടുത്ത് പൊലീസ്; യുവാക്കളുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താൻ സാധിച്ചില്ല
ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശനം നടത്താനിരിക്കെ മണിപ്പൂരിൽ സംഘർഷം രൂക്ഷം. 2 കൂകി യുവാക്കളെ കൊലപ്പെടുത്തിയ കേസിൽ മണിപ്പൂർ പോലീസ് കേസെടുത്തു. യുവാക്കളുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെടുക്കാൻ ആയില്ലെന്ന് പൊലീസ് പറഞ്ഞു.
മണിപ്പൂരിലെ കാങ്‌പോപ്പിയിൽ കുക്കി യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. യുവാക്കളുടെ ബന്ധുക്കളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത സീറോ എഫ്‌ഐആറിൽ, വാഹനം ആക്രമിച്ച ശേഷം തട്ടിയെടുത്ത മൃതദേഹങ്ങൾ വികൃതമാക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങൾ ഇതുവരെയും കണ്ടെത്താൻ ആയിട്ടില്ല.
യുവാക്കളുടെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് സംഘർഷം വീണ്ടും രൂക്ഷമായി, സംഭാവത്തിൽ പ്രതിഷേധിച്ച് കുകി ഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതിനിടെ പ്രചരണത്തിനായി ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഇംഫാലിൽ പ്രചാരണ റാലിയിൽ പങ്കെടുക്കും. ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, മണിപ്പൂർ സംഘർഷത്തിൽ, അസം റൈഫിൾ ബിരേൻ സിങ് സർക്കാരിനെ കുറ്റപ്പെടുത്തിയതായുള്ള, റിപ്പോർട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണ റിപ്പോർട്ട് അൽ ജസീറ പുറത്ത് വിട്ടു.
ബിരേൻ സിങ് ഭരണകൂടത്തിന്റെ രാഷ്ട്രീയ സ്വേച്ഛാധിപത്യവും അതിമോഹവും മണിപൂരിലെ അശാന്തിക്ക് കാരണമായതായി,അസം റൈഫിൾ സിന്റെ പവർപോയിന്റ് പ്രസന്റഷനിൽ വിലയിരുത്തുന്നു എന്നാണ് റിപ്പോർട്ടേഴ്‌സ് കളക്ടീവിന്റെ റിപ്പോർട്ട്.