Kerala

കരുവന്നൂർ തട്ടിപ്പിൽ നിക്ഷേപകർക്ക് തുക തിരികെ നൽകാൻ ഇ.‍ഡി; സിപിഐഎമ്മിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രിയും

Spread the love

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പണം നഷ്ടമായവര്‍ക്ക് തിരികെ നൽകാൻ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതി വഴി പണം തിരികെ ലഭിക്കാന്‍ നിക്ഷേപകര്‍ അപേക്ഷ നല്‍കി. കണ്ടുകെട്ടിയ സ്വത്തില്‍ നിന്നും പണം നല്‍കാന്‍ ഒരുക്കമാണെന്ന് ഇഡി കോടതിയെ അറിയിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് തൃശൂരിലെത്തിയ പ്രധാനമന്ത്രിയും കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ചു. സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പണം തള്ളി പാവങ്ങളെ വഞ്ചിച്ചു. സാധാരണക്കാരുടെ പണം കൊള്ളയടിച്ചതിലൂടെ വിവാഹങ്ങള്‍ വരെ മുടങ്ങി. ആയിരങ്ങളുടെ ജീവിതം പ്രതിസന്ധിയിലായി. കരുവന്നൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി നുണ പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇഡി കണ്ടുകെട്ടിയ സ്വത്തില്‍ നിന്നും നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നടപടിക്രമങ്ങള്‍ ഇഡി വേഗത്തിലാക്കിയത്. കൊച്ചിയിലെ പ്രത്യേക കോടതി വഴി പണം തിരികെ ലഭിക്കാന്‍ നിക്ഷേപകര്‍ക്ക് അപേക്ഷ നല്‍കാം. രേഖകള്‍ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ അനുകൂല നിലപാടെടുക്കാന്‍ ഇഡിക്ക് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വന്നിട്ടുണ്ട്.

ഇതിനിടെ കരുവന്നൂർ സഹരകണ ബാങ്ക് കേസില്‍ ഇ.ഡി കണ്ട് കെട്ടിയ വസ്തുവകകളിൽ നിന്ന് ഡിപ്പോസിറ്റ് പണം തിരികെ നൽകണം എന്നാവശ്യപ്പെട്ട് ഏതാനും നിക്ഷേപകര്‍ കോടതിയെ സമീപിച്ചു. നിക്ഷേപകരുടെ ആവശ്യം പരിഗണിക്കാവുന്നതാണെന്ന് ഇ ഡി ഇന്ന് കോടതിയിൽ വ്യക്തമാക്കി. നിക്ഷേപകരുടെ ഹർജിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.