ആശ്വാസവാര്‍ത്ത; ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലില്‍ നിന്ന് മലയാളി ധനേഷ് പിതാവിനോട് സംസാരിച്ചു; സുരക്ഷിതനെന്ന് ഫോണിലൂടെ പറഞ്ഞു
ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലില്‍ മൂന്ന് മലയാളികള്‍ എന്ന് സ്ഥിരീകരണം. വയനാട്, കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് ബന്ദികളായത്. വയനാട് സ്വദേശി ധനേഷ് കുടുംബവുമായി ഫോണില്‍ സംസാരിച്ചു. ധനേഷ് ഉള്‍പ്പെടെ മൂന്ന് മലയാളികളാണ് കപ്പലില്‍ ഉള്ളത്. സുരക്ഷിതന്‍ ആണെന്ന് ധനേഷ് സംഭാഷണത്തിനിടെ പറഞ്ഞുവെന്ന് പിതാവ് വിശ്വനാഥന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലില്‍ പ്രതീക്ഷയിലാണ് മൂവരുടെയും കുടുംബം.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്ത കപ്പലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍ ആശങ്കയില്‍ കഴിയുന്നതിനിടെയാണ് ആശ്വാസ വാര്‍ത്ത. കപ്പലില്‍ ഉള്ള വയനാട് പാല്‍വെളിച്ചം സ്വദേശി ധനേഷാണ് വൈകിട്ട് കുടുംബവുമായി സംസാരിച്ചത്.
കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി തേലംപറമ്പത്ത് ശ്യാംനാഥാണ് ബന്ധികളായതിനാല്‍ മറ്റൊരു മലയാളി. കഴിഞ്ഞ സെപ്തംബറിലാണ് അവധി കഴിഞ്ഞ് തിരിച്ച് പോയത്. പത്ത് വര്‍ഷമായി എം എസ്സി കമ്പനിയില്‍ ജോലി ചെയ്യുന്ന ശാംനാഥ് മറ്റന്നാള്‍ നാട്ടില്‍ തിരികെ വരാനിരിക്കയാണ് സംഭവമെന്ന് കുടുംബം പറയുന്നു.
മറ്റൊരു മലയാളിയായ പാലക്കാട് വടശ്ശേരി സ്വദേശി സുമേഷിന്റെ കുടുംബവും മകന്‍ തിരികെ എത്തുന്നതും കാത്തിരിക്കുകയാണ്. മലയാളികള്‍ അടക്കമുള്ള മുഴുവന്‍ ആളുകളുടെയും മോചനത്തിനായുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ തുടരുകയാണ്.