Kerala

ശക്തമായ മഴയും കാറ്റും; വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരുക്ക്

Spread the love

കോഴിക്കോട്: മുക്കത്ത് ഇന്ന് വൈകിട്ട് പെയ്ത ശക്തമായ വേനല്‍മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരുക്കേറ്റു. അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിക്കല്‍ ചന്ദുകുട്ടിയുടെ ഭാര്യ തങ്കത്തിനാണ് പരുക്കേറ്റത്. വീടിന്റെ മേല്‍ക്കൂരക്ക് മുകളില്‍ സമീപത്തെ തെങ്ങ് വീഴുകയായിരുന്നു. തുടർന്ന് മേല്‍ക്കൂരയുടെ ഓട് പൊട്ടി തങ്കത്തിന്റെ തലയില്‍ പതിക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തങ്കത്തിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുക്കം അഗസ്ത്യമുഴി സ്വദേശി തടപ്പറമ്പില്‍ സുധാകരന്റെ വീടിന്റെ മുകളിലേക്കും മരം കടപുഴകി വീണു. സമീപത്തെ വൈദ്യുതി ലൈനിന്റെ മുകളിലും മരം വീണ് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മുക്കം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ലൈനില്‍ പതിച്ച മരം മുറിച്ച് മാറ്റി. തടപ്പറമ്പില്‍ ഗീതയുടെ പറമ്പിലെ പ്ലാവും കടപുഴകി വീണിട്ടുണ്ട്. അഗസ്ത്യന്‍ മുഴി നടുത്തൊടികയില്‍ ജയപ്രകാശന്റെ വീടിന് മുകളില്‍ മരം വീണ് അടുക്കളയുടെ മേല്‍കൂരക്ക് കേടുപാട് സംഭവിച്ചു.

അതേസമയം, വരും മണിക്കൂറുകളില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.