ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയില്ലെന്ന അമിത് ഷായുടെ വാദത്തിനു പിന്നിലെ സത്യമെന്താണ്
നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞത്. അസമിലെ ലഖിംപൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. ചൈനയുടെ ആക്രമണം ഉണ്ടായപ്പോൾ അസം വിട്ടുപോയ നെഹ്റുവിനെ ഒരിക്കലും മറക്കില്ല. എന്നാൽ ബിജെപി സർക്കാർ രാജ്യത്തിൻ്റെ അതിർത്തികൾ സംരക്ഷിക്കുകയാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.
ദീർഘകാലമായി ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിത്തർക്കം നിലനിൽക്കുന്നുണ്ട്. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ മാസങ്ങൾ നീണ്ടുനിന്ന സംഘർഷത്തിനൊടുവിലും രാജ്യത്തിൻ്റെ ഒരു തരി മണ്ണുപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ അമിത് ഷായുടെ വാദത്തിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് പരിശോധിക്കാം.
ഇന്ത്യൻ അതിർത്തികളിലേക്ക് ചൈന അതിക്രമിച്ചുകയറുന്നതിന് ശക്തമായ തെളിവുകളുണ്ടായിട്ടും ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ലെന്ന് സർക്കാർ പരസ്യമായി നിഷേധിക്കുകയാണുണ്ടായത്. 2020 ജൂണിൽ ലഡാക്കിലേക്ക് ചൈന അതിക്രമിച്ചു കയറുകയും 20 സൈനികർ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ ചൈനയുടെ പേര് പരാമർശിക്കാതെ ഭാരതമാതാവിനെ ആക്രമിക്കാൻ എത്തിയവരെ വീര സൈനികർ ഒരു പാഠം പഠിപ്പിച്ചു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. രാജ്യത്തേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയില്ലെന്നും സ്ഥലം പിടിച്ചടിക്കിയില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ചൈനീസ് സൈന്യം ഗോഗ്ര ഹൈറ്റ്സിലെ ഹോട് സ്പ്രിങ് ഏരിയയിൽ അവർ അതിക്രമിച്ച് കടന്ന പ്രദേശത്ത് നിന്ന് പിന്മാറാൻ വിസമ്മതിച്ചുവെന്നും ഇരുഭാഗത്തുമായി 1500 സൈനികർ ഇവിടെ നേർക്കുനേർ ഉണ്ടെന്നുമാണ് സ്ട്രാറ്റജിക് അഫയേഴ്സ് വിദഗ്ധൻ കേണൽ അജയ് ശുക്ല, സൈന്യത്തിലെ ഉന്നതരിൽ നിന്ന് ലഭിച്ച വിവരം എന്ന് വ്യക്തമാക്കി ദ് വയറിനോട് വെളിപ്പെടുത്തിയത്. ചൈന 3-4 കിലോമീറ്റർ കൈയ്യേറിയതിനാൽ ബഫർ സോൺ പോലും ഇപ്പോൾ ഇന്ത്യൻ അതിർത്തിക്കുള്ളിലായെന്ന് അജയ് ശുക്ല പറഞ്ഞിരുന്നു. മോദി സർക്കാരാകട്ടെ, മുൻ സൈനിക ഉദ്യോഗസ്ഥനായ ശുക്ലയുടെ ഒരു വാദങ്ങളും തള്ളിയിരുന്നുമില്ല. ഇതിന് ശേഷം ഇന്ത്യ 21 വട്ടം അതിർത്തിയിൽ ചൈനയുമായി കമാണ്ടർ തല ചർച്ച നടത്തി, ചൈനീസ് സൈന്യത്തോട് 2020 ന് മുൻപത്തെ യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു ഫലവും ഇതൊന്നും കൊണ്ടുണ്ടായില്ല.ശുക്ലയുടെ വാദങ്ങളെ സർക്കാർ നിരാകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
2024 ഫെബ്രുവരിയിൽ ചൈനയുമായി അവസാന വട്ട ചർച്ച നടന്നിരുന്നു. ഇതേക്കുറിച്ചുള്ള ദ ഹിന്ദു ദിനപ്പത്രത്തിലെ വാർത്തയിൽ ചർച്ചകളുടെ ലക്ഷ്യം 2020 മധ്യത്തിൽ ഗാൽവൻ സംഘർഷത്തിന് മുൻപുണ്ടായിരുന്ന സ്ഥിതിയിലേക്ക് പിന്മാറണം 2023 ജനുവരിയിൽ ഇന്ത്യൻ സൈന്യത്തിൻ്റെ തലവൻ ജനറൽ മനോജ് പാണ്ഡെ വാർഷിക വാർത്താ സമ്മേളനത്തിൽ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത് എന്നതായിരുന്നു.
ചൈനീസ് പട്ടാളം ലഡാക്കിൽ ഒരു തുണ്ട് ഭൂമി പോലും കൈയ്യേറിയില്ലെങ്കിൽ, 21 വട്ടമായി തുടരുന്ന ചർച്ചയിൽ കേന്ദ്ര സർക്കാർ ചൈനയുമായി സംസാരിക്കുന്നത് എന്ത് വിഷയമാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മോദി സർക്കാരിന് ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിൽ ചൈനീസ് സേന ലഡാക്കിലെ 1000 സ്ക്വയർ കിലോമീറ്റർ ദൂരം കൈയ്യേറിയെന്ന് ചൂണ്ടിക്കാട്ടിയതായി 2020 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ദ ഹിന്ദു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദെപ്സാങ് പ്ലെയിൻസിലെ 10-13 പട്രോളിങ് പോയിൻ്റുകൾക്കിടയിൽ 9000 സ്ക്വയർ കിമീ ദൂരം ചൈന കൈയ്യേറിയതായി പറഞ്ഞിരുന്നു. ചൈന അതിർത്തിയിൽ സേനാ വിന്യാസം 2020 ഏപ്രിലിന് ശേഷം തുടർച്ചയായി കൂട്ടി. ഗാൽവാൻ താഴ്വരയിൽ 20 സ്ക്വയർ കിലോമീറ്ററും ഹോട് സ്പ്രിങ് പ്രദേശത്ത് 12 സ്ക്വയർ കിലോമീറ്ററും ഇപ്പോൾ ചൈനയുടെ അധീനതയിലാണ്. പാൻഗോങ് ട്സോയിൽ ചൈന 65 സ്ക്വയർ കിലോമീറ്ററും ചുഷുൽ പ്രദേശത്ത് 20 സ്ക്വയർ കിലോമീറ്ററും ചൈന കൈയ്യേറിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
കിഴക്കൻ ലഡാക്കിലെ ഗോഗ്ര മേഖലയിൽ തങ്ങളുടെ നാട്ടുകാർക്ക് അവർ ഉപയോഗിച്ചിരുന്ന കിലോമീറ്ററുകളോളം വരുന്ന പുൽമേടുകൾ നഷ്ടമായെന്ന് 2021 സെപ്തംബറിൽ ചുഷുൽ കൗൺസിലർ കൊഞ്ചാക് സ്റ്റേസിൻ പറഞ്ഞിരുന്നു. ചൈനീസ് സ്വാധീനം ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു, പക്ഷെ അന്നൊന്നും മോദി സർക്കാർ ഈ ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞിരുന്നില്ല.
രഹസ്യാന്വേഷണ ബ്യൂറോ 2023 ജനുവരിയിൽ സംഘടിപ്പിച്ച വാർഷിക ഡിജിപി കോൺഫറൻസിൽ ലേ എസ്‌പി സമർപ്പിച്ച ഗവേഷണ റിപ്പോർട്ടിൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ പട്രോളിങ് നടത്താത്തത് കൊണ്ട് 65 പട്രോളിങ് പോയിൻ്റുകളിൽ 26 ഉം നഷ്ടമായെന്ന് കുറ്റപ്പെടുത്തിയിരുന്നു. ദ ഹിന്ദു ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാരകോറം പാസ് മുതൽ ചുമുർ വരെയുള്ള 65 പട്രോളിങ് പോയിൻ്റുകളിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നിരന്തരം പരിശോധന നടത്തേണ്ടതായിരുന്നു. എന്നാൽ പരിശോധന നടത്തിയതിലെ കുറവ് മൂലം 5-17, 24-32, 37, 51, 52, 62 എന്നീ പട്രോളിങ് പോയിൻ്റുകൾ ഇപ്പോൾ ചൈനയുടെ കൈയ്യിലാണ് എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഇന്ത്യയുടെ നിസംഗത ചൈനയ്ക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ അതിർത്തിയിലേക്ക് കടന്നുകയറാൻ അവസരമൊരുക്കിയെന്നാണ് വിമർശനം. ഓരോ ഇഞ്ചായി തങ്ങളുടേതല്ലാത്ത ഭൂമി കൈയ്യേറുന്ന ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈ തന്ത്രം സലാമി സ്ലൈസിങ് എന്നാണ് അറിയപ്പെടുന്നത്. അമിത് ഷാ പങ്കെടുത്ത ഈ പൊലീസ് കോൺഫറൻസുമായി ബന്ധപ്പെട്ട വാർത്ത ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പിന്നീട് അവരുടെ വെബ്സൈറ്റിൽ നിന്ന് ഈ വാർത്ത പിൻവലിച്ചു.
ഇക്കഴിഞ്ഞ ജനുവരിയിൽ ദി ഇന്ത്യൻ എക്സ്പ്രസ് വാർത്തയിൽ അതിർത്തി പ്രദേശത്ത് ചൈനീസ് സൈനികർ ഇന്ത്യാക്കാരായ ഇടയന്മാരെ തടഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചുഷുൽ കൗൺസിലറർ സ്റ്റാൻസിൻ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇത് ചൊല്ലി ഇന്ത്യാക്കാരായ ഇടയന്മാരും ചൈനീസ് പട്ടാളവും തമ്മിൽ തർക്കമുണ്ടാവുകയും ഇടയന്മാർ ചൈനീസ് പട്ടാളത്തിന് നേരെ കല്ലെറിഞ്ഞെന്നും ചുഷുൽ കൗൺസിലർ പറഞ്ഞതായി ദ് ഹിന്ദു ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വാർത്തകളെയും മോദി സർക്കാർ തള്ളിപ്പറഞ്ഞിട്ടില്ല. 2020 ലെ ഏറ്റുമുട്ടലാണ് ദശാബ്ദങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടായ രൂക്ഷമായ സംഘർഷം. 53 വർഷത്തെ ഏറ്റവും മോശം ചൈന-ഇന്ത്യ സംഘർഷമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ 2020 ജൂൺ 17 ന് എഴുതിയത്. 1962 ൽ നെഹ്റുവിൻ്റെ കാലത്ത് നടന്ന സംഘർഷവുമായാണ് 2020 ലെ സംഘർഷത്തെ പത്രം താരതമ്യം ചെയ്തത്. അന്നും കേന്ദ്രസർക്കാർ റിപ്പോർട്ടിൽ പ്രതികരിച്ചിരുന്നില്ല.
Read Also: സര്‍ക്കാരിന്റെ പാഠപുസ്തകമെന്ന് പറഞ്ഞ് വ്യാജ പ്രചരണം; ‘Mr. Sinha’യെ കാത്തിരിക്കുന്നത് ഗംഭീര പണി, പരാതി നൽകി ശിവൻകുട്ടി
ചൈനീസ് കൈയ്യേറ്റം സംബന്ധിച്ച് 2022 ഫെബ്രുവരിയിൽ പാർലമെൻ്റിൽ ഉയർന്ന ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് മറുപടി നൽകിയത്. 2020 ൽ ഇന്ത്യയുടെ എത്ര ഭൂമി ചൈന കൈയ്യേറിയെന്നായിരുന്നു ചോദ്യമെങ്കിലും 1962 ന് ശേഷം 38000 സ്ക്വയർ കിലോമീറ്റർ ദൂരം ചൈന കൈയ്യേറിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
നെഹ്റു 1962 ൽ അസമിനെ കൈയ്യൊഴിഞ്ഞുവെന്ന പതിറ്റാണ്ടുകൾക്ക് മുൻപത്തെ വൈകാരിക രോഷം ആളിക്കത്തിക്കാനാണ് അമിത് ഷായുടെ ശ്രമം. ജനസംഘവും സോഷ്യലിസ്റ്റ് പാർട്ടികളുമാണ് അന്ന് നെഹ്റുവിൻ്റെ ചൈന പോളിസിയെ തുറന്നെതിർത്തത്. ഓൾ ഇന്ത്യ റേഡിയോയിൽ നെഹ്റുവിൻ്റെ നീണ്ട പ്രസംഗത്തിലെ ഒരു വരിയായിരുന്നു വിമർശനത്തിൻ്റെ കാരണം. ‘My heart goes out to the people of Assam’- എന്നതായിരുന്നു ആ വരി. ഇന്നത്തെ അരുണാചൽ പ്രദേശിലേക്ക് ചൈന 1962 ൽ കടന്നുകയറിയതിന് തൊട്ടുമുൻപായിരുന്നു ഈ പ്രസംഗം. അന്ന് മുതൽക്കെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി നെഹ്റു അസമിനോട് ബൈ-ബൈ പറഞ്ഞെന്ന വാദം ഇവർ ഉന്നയിക്കുന്നുണ്ട്. അതിനാൽ തന്നെ അമിത് ഷായുടെ ഇപ്പോഴത്തെ പ്രസംഗത്തിലും ഒരു പുതുമയുമില്ല.