Kerala

അബ്ദുൾ റഹീമിനായി മലയാളികൾ; 30 കോടി പിന്നിട്ട് ധനസമാഹരണം; എല്ലാവർക്കും നന്ദിയറിയിച്ച് മാതാവ്

Spread the love

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ‌ കൈകോർക്കുന്നു. 34 കോടി രൂപയാണ് മോ​ചനത്തിനായി ആവശ്യമായി വരുന്നത്. ഇതിനോടകം ധനസമാഹരണം 30 കോടി കടന്നു. അബ്ദുൾ റഹീമിനായി രൂപീകരിച്ച ആപ്പ് വഴിയും നിർദേശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയുമാണ് ധനസമാഹരണം നടത്തുന്നത്.

30 കോടി പിന്നിട്ടതോടെ ആപ്പ് വഴിയുള്ള ധനസമാഹരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഫണ്ട് കളക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഓഡിറ്റിങ്ങിനുവേണ്ടിയുമാണ് ആപ്പിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. 4.30ന് ശേഷം സേവനം പുനഃസ്ഥാപിക്കുന്നതാണെന്ന് ആപ്പുമായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

സഹായത്തിന് എല്ലാവരോടും നിയമസഹായ സമിതി നന്ദി അറിയിച്ചു. 34 കോടി സമാഹരിച്ച് ധനശേഖരണം നിർത്തും

റഹീം വധ ശിക്ഷയും കാത്ത് അൽഹായിർ ജയിലിൽ തുടരുകയാണ്. റഹീമിന് നിയമ സഹായം നൽകുന്നതിനായി റിയാദിലെ സാമൂഹിക സംഘടനാ പ്രതിനിധികൾ അടങ്ങുന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സൗദി രാജാവിന് ദയാ ഹർജിയും നൽകിയിട്ടുണ്ട്. ദിയാപണമായ 34 കോടി രൂപ കണ്ടെത്താൻ സഹായിക്കണമെന്ന് റഹീമിന്റെ കുടുംബം ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബവുമായി ഒത്തുതീർപ്പ് ചർച്ച നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ എംബസി.