World

പലസ്തീനികൾക്ക് പകരം ഇന്ത്യക്കാർ; 6,000ത്തിലേറെ തൊഴിലാളികൾ ഇസ്രായേലിലേക്ക്

Spread the love

ഇന്ത്യയിൽ നിന്ന് 6,000ത്തിലേറെ തൊഴിലാളികൾ ഏപ്രിൽ, മേയ് മാസങ്ങളിൽ ഇസ്രായേലിലെത്തും. ഇസ്രായേൽ-ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് തൊഴിൽ ക്ഷാമം നേരിടാൻ ഇസ്രായേലിലെ നിർമ്മാണ മേഖലയിലേക്കാണ് ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാർ പ്രകാരമാണ് തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കുന്നത്.

ഇന്ത്യൻ തൊഴിലാളികളെ കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതായി ഇസ്രായേൽ സർക്കാർ അറിയിച്ചിട്ടുണ്ട്. സംഘർഷം ആരംഭിക്കുന്നതിന് മുൻപ് ഇസ്രായേലിൽ ഏറ്റവും കൂടുതൽ തൊഴിലാളികളത്തിയിരുന്നത് വെസ്റ്റ് ബാങ്കിൽ നിന്നാണ്. 80,000 തൊഴിലാളികളുള്ള ഏറ്റവും വലിയ സംഘം പലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിൽ നിന്നും 17,000 പേർ ​ഗസ്സ മുനമ്പിൽ നിന്നുമാണ് വന്നത്. എന്നാൽ ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതോടെ അവരിൽ ഭൂരിഭാഗം പേരുടെയും വർക്ക് പെർമിറ്റ് റദ്ദാക്കുകയായിരുന്നു.

രാജ്യങ്ങൾ തമ്മിലുള്ള ഗവൺമെൻ്റ്-ടു-ഗവൺമെൻ്റ് (ജി 2 ജി) ഉടമ്പടി പ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ഇസ്രായേലിലേക്ക് കൊണ്ടുവരുന്നത്.കരാർ പ്രകാരം കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ നിന്നുള്ള 64 നിർമാണ തൊഴിലാളികൾ ഇസ്രായേലിലെത്തി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിൽ നിന്ന് 900-ലധികം നിർമ്മാണ തൊഴിലാളികൾ ഇസ്രായേലിൽ എത്തിയിട്ടുണ്ട്.

ഇസ്രയേലി കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ (ഐസിഎ) നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിലൂടെ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള 20,000-ത്തിലധികം തൊഴിലാളികൾക്ക് അംഗീകാരം നൽകി മൂന്ന് മാസത്തിന് ശേഷം ഏകദേശം1,000 തൊഴിലാളികൾ മാത്രമാണ് ഇസ്രായേലിലേക്ക് എത്തിയത്. തിരഞ്ഞെടുത്ത തൊഴിലാളികളിൽ ഭൂരിഭാഗവും തങ്ങളുടെ ജോലിയിൽ നിന്ന് രാജിവെച്ച് ഇസ്രായേലിൽ ജോലി ചെയ്യുന്നതിനുള്ള വിസ ലഭിക്കാൻ കാത്തിരിക്കുകയാണെന്ന് വൃത്തങ്ങൾ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. വിസ നൽകുന്നതിൽ കാലതാമസം വരുന്നത് വിവിധ പെർമിറ്റുകൾ നേടുന്നത് ഉൾപ്പെടെ നൽകുന്നതിലുള്ള നടപടിക്രമങ്ങൾ വൈകുന്നതിലാണെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെ കൂടാതെ, ചൈനയിൽ നിന്ന് 7,000 തൊഴിലാളികളും കിഴക്കൻ യൂറോപ്പിൽ നിന്ന് 6,000 തൊഴിലാളികളും എത്തിയിട്ടുണ്ട്. ഇസ്രായേലിലെ നിർമാണ മേഖലയിലാണ് ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇസ്രയേലി സാമ്പത്തിക മന്ത്രിയായ നിർ ബർകത്ത് നടത്തിയ ഇന്ത്യാ സന്ദർശന വേളയിൽ, നിർമാണ മേഖലയിലുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യക്കാരെ നിയമിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥരുമായും ഡൽഹിയിലെ അദ്ദേഹത്തിൻ്റെ സഹമന്ത്രിയുമായും സംസാരിച്ചിരുന്നു. ഏകദേശം 1,60,000 പേരെ കൊണ്ടുവരുന്നതിനെക്കുറിച്ചായിരുന്നു ചർച്ചകൾ.ഏകദേശം 18,000 ഇന്ത്യൻ തൊഴിലാളികളാണ് ഇസ്രായേലിൽ ജോലി ചെയ്തിരുന്നത്.യുദ്ധം തുടങ്ങിയതിനു ശേഷം സുരക്ഷിതമല്ലെന്ന് കണ്ട് ഇവരിൽ ഭൂരിഭാഗം തൊഴിലാളികളും മടങ്ങുകയായിരുന്നു.