Kerala

ഇവിടെ ഒറ്റ കേരള സ്റ്റോറിയേ ഉള്ളൂ, അത് കേരളം നമ്പ‍ര്‍ വൺ എന്നത് മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

പാലക്കാട്: ജനാധിപത്യം അപകടത്തിലാകുമ്പോൾ ജനങ്ങൾ അത് സംരക്ഷിച്ചേ പറ്റൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം കടുത്ത അമിതാധികാരത്തെയാണ് ഇതുവരെ സാക്ഷ്യം വഹിച്ചത്. ബിജെപി ഗവൺമെന്റ് ജനങ്ങൾക്ക് എതിരായാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. കോൺഗ്രസിനും ബിജെപിയ്ക്കും ഒരേ സാമ്പത്തിക നയമാണ്. ഏറ്റവും കുറഞ്ഞ ദരിദ്രരുള്ള നാടാണ് കേരളം. 2025 – നവംബർ ഒന്നോടെ ഒരു കുടുംബവും ദരിദ്രാവസ്ഥയിൽ അല്ലാത്ത നാടായി നമ്മുടെ സംസ്ഥാനം മാറും. ഇത് കേരളത്തിന് മാത്രം പറയാൻ സാധിക്കുന്നതാണ്. അതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ ഒറ്റ കേരള സ്റ്റാറിയേ ഉള്ളൂ. അത് കേരളം നമ്പർ വൺ എന്ന സ്റ്റോറിയാണെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

പൗരത്വ നിയമത്തിൽ കോൺഗ്രസിന് മൗനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രകടന പത്രികയിൽ പോലും സിഎഎയെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. കാശ്മീർ വിഷയത്തിലും കോൺഗ്രസിന്റെ ശബ്ദം ആരും കേട്ടില്ല. എൻഐഎ ഭേദഗതിയോ യുഎപിഎ ഭേദഗതിയോ ആയാലും കോൺഗ്രസ് ബിജെപിക്ക് ഒപ്പം നിൽക്കുകയാണ്. ഇവയെ എതിർത്ത ആറ് എംപിമാരിൽ കോൺഗ്രസില്ല, കേരളത്തിൽ നിന്ന് എതിര്‍ത്തത് ആരിഫ് മാത്രമാണ്. കേരളത്തിന്റെ അവകാശങ്ങൾ കേന്ദ്രം നിഷേധിക്കുമ്പോൾ കേരളത്തിലെ 18 എംപിമാർ മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.