Kerala

‘പ്രതികളോ പ്രതികളെ സഹായിച്ചവരോ ഉണ്ടെങ്കിൽ നടപടി’, പാനൂർ സ്ഫോടന കേസിൽ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്ഐ അധ്യക്ഷൻ

Spread the love

കോഴിക്കോട്: പാനൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ പ്രവർത്തകർക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അവർക്കെതിരെ ഉറപ്പായും നടപടി എടുക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ്. കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് വി വസീഫ് വ്യക്തമാക്കി. പാനൂ‍ർ ബോംബ് സ്ഫോടനത്തെക്കുറിച്ച് സംഘടന വിശദമായി അന്വേഷിക്കും. പ്രതികളോ പ്രതികളെ സഹായിച്ചവരോ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി.

ഡി വൈ എഫ് ഐക്ക് സംസ്ഥാനത്ത് മുപ്പത്തിനായിരത്തോളം യൂണിറ്റുകൾ ഉണ്ട്. അതിലെ ഭാരവാഹികൾ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കണം. പ്രദേശികമായ വിഷയങ്ങളുടെ ഭാഗമായിട്ടാണ് ഈ സംഭവം ഉണ്ടായത്. സംയമനത്തോടെ എന്നും പ്രതികരിച്ച സംഘടന ആണ് ഡി വൈ എഫ് ഐയ പാനൂർ കേസിൽ നിരപരാധികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഇതുവരെ ഡി വൈ എഫ് ഐ പറഞ്ഞിട്ടില്ല. ആ കാര്യങ്ങളൊക്കെ പരിശോധിക്കണം. അതിന് ശേഷം കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി. പാനൂർ സംഭവത്തെ മാധ്യമങ്ങൾ കോൺഗ്രസിന് മേൽക്കോയ്മ ഉണ്ടാക്കി കൊടുക്കാനുള്ള ആയുധമാക്കുകയാണെന്നും പറഞ്ഞ വസീഫ്, പൊലീസ് അന്വേഷണത്തിൽ ആരും ഇടപെട്ടിട്ടില്ലെന്നും വിശദീകരിച്ചു.