Kerala

മാസപ്പടി കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണം; CMRL എംഡി ശശിധരൻ കർത്തക്ക് ED നോട്ടീസ്

Spread the love

മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സിഎംആർഎൽ ഉദ്യോഗസ്ഥരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ ഹാജരായില്ല. പിന്നാലെയാണ് ശശിധരൻ കർത്തക്ക് കൂടി നോട്ടീസ് അയച്ചിരിക്കുന്നത്.

രേഖകളുമായി തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് ശശിധരൻ കർത്തയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആർഎല്ലിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രമേ അന്വേഷണം മറ്റുള്ളവരിലേക്ക് നീളുകയുള്ളൂവെന്ന് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിന് ശേഷം മാത്രമാകും മുഖ്യനമന്ത്രിയുടെ മകൾ വീണാ വിജയൻ, എക്‌സാലോജിക് തുടങ്ങിയവർക്ക് നോട്ടീസ് അയക്കുക.

ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹാജരായിരുന്നില്ല. ഇവർക്ക് വീണ്ടും നോട്ടീസ് അയക്കും. പിണറായി വിജയൻറെ മകൾ വീണ വിജയനും അവരുടെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്സാലോജിക്കിനും കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെൻറ് ബോർഡിൻറെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു. ഇതിൽ എസ്എഫ്ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി അന്വേഷണവും നടക്കുന്നത്.