തോമസ് ഐസക്കിന്റെ ചോദ്യം ചെയ്യല്‍; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി ഇ.ഡി
കിഫ്ബി മസാല ബോണ്ട് കേസില്‍ ഡോ ടി എം തോമസ് ഐസക്കിനെ വിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐസക്കിന്റെ ചോദ്യം ചെയ്യല്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീലിന് നീങ്ങുകയാണ് ഇ.ഡി. ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറലില്‍ നിന്ന് നിയമോപദേശം തേടും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അവധിക്കാല ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചേക്കും.
റിയല്‍ എസ്റ്റേറ്റ് സംബന്ധമായ തെളിവുകളാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മസാല ബോണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയുടെ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. മസാലബോണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി ഉണ്ടായിരുന്നില്ല.
ഐസക്കിന്റെ ചോദ്യം ചെയ്യല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മതിയെന്ന് ഇഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മസാലബോണ്ടുമായി ബന്ധപ്പെട്ട് ചില ഇടപാടുകള്‍ക്ക് തോമസ് ഐസകില്‍ നിന്നും വിശദീകരണം വേണമെന്നും എന്നാല്‍ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ ഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും ജസ്റ്റിസ് ടി ആര്‍ രവി വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജി മേയ് 22 ന് പരിഗണിക്കും.