വിമാനകമ്പനികളിൽ സമര പരമ്പര; വലഞ്ഞ് ടാറ്റ ഗ്രൂപ്പ്
ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനിയായ വിസ്താരയിലെ പൈലറ്റുമാർക്ക് പിന്നാലെ പണിമുടക്ക് ഭീഷണി മുഴക്കി രാജ്യത്തെ ഏറ്റവും വലിയ വിമാന അറ്റകുറ്റപ്പണി കമ്പനിയായ എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിലെ ജീവനക്കാരുടെ യൂണിയനും കൂടി രംഗത്തെത്തിയതോടെ സമരപരമ്പരയിൽ വലഞ്ഞ് എയർ ഇന്ത്യ. വിമാന സാങ്കേതിക വിദഗ്ധർക്ക് കഴിഞ്ഞ ഏഴ് വർഷമായി പ്രമോഷനുകളൊന്നും നൽകിയിട്ടില്ലെന്നും, ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും കുറ്റപ്പെടുത്തിയാണ് പണിമുടക്ക് ആഹ്വാനം. 2021 ഒക്ടോബറിൽ സർക്കാർ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് വിറ്റിരുന്നു. അതേ സമയം എയർ ഇന്ത്യയുടെ മൂന്ന് അനുബന്ധ സ്ഥാപനങ്ങളായ എഐ എഞ്ചിനീയറിംഗ് സർവീസസ് , എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് , റീജിയണൽ എയർലൈൻ അലയൻസ് എയർ എന്നിവ ലയനത്തിന്റെ ഭാഗമായിരുന്നില്ല. എയർഇന്ത്യക്ക് വേണ്ടി വിമാനങ്ങളുടെ അറ്റകുറ്റപ്പണി നിർവഹിക്കുന്നത് എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ആണ്.
എഐ എഞ്ചിനീയറിംഗ് സർവീസസിന്റെ ഓഹരി വിറ്റഴിക്കൽ ഉടനെത്തന്നെ പൂർത്തിയാക്കുമെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അത് പ്രാവർത്തികമായിട്ടില്ല. 2-3 വർഷത്തെ സേവനമുള്ള ടെക്‌നീഷ്യൻമാരുടെ ശമ്പളം പരിഷ്‌കരിക്കുമെന്ന വാഗ്ദാനവും നടപ്പാക്കിയിട്ടില്ലെന്നും യൂണിയൻ കുറ്റപ്പെടുത്തി. ഫിക്സഡ് ടേം എംപ്ലോയ്മെന്റ് (എഫ്ടിഇ) സ്റ്റാഫിനെ നയിക്കുന്ന യൂണിയനിൽ 1,000 അംഗങ്ങളുണ്ട്. എഐ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിൽ 5,000-ത്തിലധികം ജീവനക്കാരുണ്ട്. ലാൻഡിംഗ് ഗിയർ, ഏവിയോണിക്സ് ആക്‌സസറികൾ, ഘടകങ്ങൾ എന്നിവയുടെ ബേസ്, ലൈൻ അറ്റകുറ്റപ്പണി എന്നിവയാണ് കമ്പനി ചെയ്യുന്നത്. 2022 ൽ എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിച്ചതിന് ശേഷം കമ്പനി എയർ ഇന്ത്യ അസറ്റ് ഹോൾഡിങ്ങിന് കീഴിലാണ്.
ശമ്പള പരിഷ്കരണം ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന വിസ്താര പൈലറ്റുമാരുടെ സമരത്തിന് എയർ ഇന്ത്യയുടെ രണ്ട് യൂണിയനുകൾ പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് എഐ എഞ്ചിനീയറിംഗ് സർവീസസിൽ ജീവനക്കാരും സമരം പ്രഖ്യാപിച്ചിരിക്കുന്നത്.