Sunday, January 5, 2025
Latest:
Kerala

‘കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറിയിരിക്കുന്നു’: സംവിധായകൻ

Spread the love

ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദർശനവുമായി കൂടുതൽ രൂപതകൾ രംഗത്തെത്തിയതോടെ പ്രതികരണവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. തന്റെ ട്വിറ്ററിലൂടെയാണ് സുദിപ്തോ സെൻ പ്രതികരിച്ചത്. ദ കേരള സ്‌റ്റോറിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ സംവിധായകന്‍ രാജ്യത്തെ പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ദ കേരള സ്റ്റോറി ഇന്ത്യന്‍ സിനിമയുടെ മിക്കവാറും എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എഴുതി, ‘ഞങ്ങള്‍ ഇപ്പോള്‍ ഈ ചിത്രത്തെ വെറുക്കുന്ന പുതിയ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കാരണം നേരത്തേ കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ നിരവധി ഹൃദയങ്ങളെ ഈ ചിത്രം സ്പര്‍ശിക്കുന്നുവെന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴും ആളുകള്‍ സംസാരിക്കുന്നു സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുടെയും വാദങ്ങളുമായി ആളുകള്‍ രംഗത്തുവരുന്നു.

സിനിമ കാണാത്ത, എന്നാല്‍ അതിനെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്ന ചുരുക്കം രാഷ്ട്രീയക്കാരുണ്ടെന്നതാണ് സങ്കടകരമായ കാര്യം. ദയവു ചെയ്ത് ഈ കാലത്ത് ഏറെ പ്രസക്തിയുള്ള ഒരു സിനിമയെ ഇത്തരത്തില്‍ രാഷ്ട്രീയവത്കരിക്കരുത്.

നിങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പരിഗണിക്കാതെ ഈ സിനിമ കാണാന്‍ ഒരിക്കല്‍ കൂടി എല്ലാവരെയും ക്ഷണിക്കുന്നു. കേരള സ്റ്റോറി കാണുക, നമ്മുടെ രാജ്യത്തെ പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കുക, നമ്മുടെ രാജ്യത്തിനെതിരായ ഭീകരതയ്ക്കെതിരെ ശക്തമായി സംസാരിക്കുകയെന്നും സുദീപ്‌തോ സെന്‍ കുറിച്ചു.