Kerala

ദളിത് കർഷക കുടുംബത്തിൻ്റെ സ്ഥലം വിറ്റ പണവും ബിജെപിക്ക് ബോണ്ടായി; പറ്റിച്ച് കൈക്കലാക്കിയെന്ന് പരാതി

Spread the love

ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച പണത്തിൽ 10 കോടി രൂപ ദളിത് കർഷക കുടുംബത്തിൻ്റെ സ്ഥലം വിറ്റ പണം തട്ടിയെടുത്തതാണെന്ന് പരാതി. ഗുജറാത്തിലെ കച്ച് ജില്ലയിലെ അഞ്ചാർ എന്ന സ്ഥലത്ത് താമസിക്കുന്ന ദളിത് കുടുംബമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തങ്ങളുടെ 11,00,14,000 കോടിരൂപ നഷ്ടപ്പെട്ടുവെന്നാണ് ഇവർ പരാതി ഉന്നയിച്ചിരിക്കുന്നത്.

കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ പേരിലാണ് 11 കോടിയിലേറെ രൂപയുടെ ഇലക്ടറൽ ബോണ്ട് 2023 ഒക്ടോബർ 11 ന് വാങ്ങിയത്. ഇതിൽ 10 കോടിയുടെ ബോണ്ടുകൾ ബിജെപി പണമാക്കി മാറ്റി. 1,00,14000 രൂപയുടെ ബോണ്ടുകൾ ശിവസേനയുടെ അക്കൗണ്ടിൽ പണമായെത്തിയെന്നാണ് വിവരം.

അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വെൽസ്‌പൺ എൻ്റർപ്രൈസ് ലിമിറ്റഡിലെ ഉദ്യോഗസ്ഥൻ തങ്ങളെ പറ്റിച്ചാണ് ഈ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിപ്പിച്ചതെന്ന് കുടുംബം ഇപ്പോൾ ആരോപിക്കുന്നു. 2005 ൽ ഈ കമ്പനിയുമായി ചേർന്ന് അദാനി ഗ്രൂപ്പ് അദാനി വെൽസ്‌പൺ എക്സ്പ്ലൊറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. ഇതിൽ അദാനി ഗ്രൂപ്പിന് 65% വും വെൽസ്‌പൺ കമ്പനിക്ക് 35% ഓഹരികളുമാണ് ഉള്ളത്.

അഞ്ചാറിൽ വെൽസ്പൺ കമ്പനി തങ്ങളുടെ 43000 സ്ക്വയർ മീറ്റർ കൃഷിഭൂമി ഒരു പദ്ധതിക്ക് വേണ്ടി വാങ്ങിയെന്നും നിയമപ്രകാരം വലിയ തുക ഇതിനായി നൽകിയെന്നും കുടുംബം പറയുന്നു. സ്ഥലം വിറ്റ പണം ബാങ്കിൽ നിക്ഷേപിക്കുന്ന സമയത്ത് വെൽസ്പൺ കമ്പനിയിലെ സീനിയർ ജനറൽ മാനേജർ മഹേന്ദ്രസിങ് സോധ തങ്ങളെ കബളിപ്പിച്ചെന്നും ഇത്രയും വലിയ തുക ബാങ്കിലിട്ടാൽ ആദായ നികുതി അന്വേഷണം ഉണ്ടാകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. തുടർന്ന് മഹേന്ദ്രസിങ് സോധ പറഞ്ഞത് അനുസരിച്ച് ഇലക്ടറൽ ബോണ്ടിൽ പണം നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഇത് നിക്ഷേപ പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിച്ച ഇയാൾ, 1.5 മടങ്ങ് അധികം തുക വർഷങ്ങൾക്കകം തിരികെ ലഭിക്കുമെന്ന് ഇയാൾ വാഗ്ദാനം ചെയ്തെന്നും കുടുംബം പറയുന്നു.

അഞ്ചാർ പൊലീസ് സ്റ്റേഷനിൽ 2024 മാർച്ച് 18 ന് കുടുംബം രേഖാമൂലം പരാതി നൽകിയിരുന്നു. വെൽസ്പൺ കമ്പനി ഡയറക്ടർമാരായ വിശ്വനാഥൻ കൊല്ലെങ്കോട്, സഞ്ജയ് ഗുപ്ത, ചിന്തൻ തകാർ, പ്രവീൺ ബൻസാല എന്നിവർക്കെതിരെയാണ് പരാതിയിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

2023 ഓഗസ്റ്റ് മാസത്തിലാണ് സ്ഥലം വിൽപ്പനയ്ക്ക് കരാറെഴുതിയത്. 16,61,21,877 കോടി രൂപയായിരുന്നു ഇടപാട് തുക. ഇതിൽ 2,80,15,000 കോടിരൂപ അഡ്വാൻസായി നൽകി. ബാാക്കിയുള്ള 13,81,09,877 കോടിരൂപ ഏഴ് പേരുടെ ജോയിൻ്റ് അക്കൗണ്ടിലേക്ക് മാറ്റി. 2023 ഒക്ടോബർ ഒന്നിനും ഒക്ടോബർ 8 നും ഇടയിലാണ് ഇടപാടിൻ്റെ നടപടികളിൽ നേരിട്ട് ബന്ധമുണ്ടായിരുന്ന മഹേന്ദ്ര സിങ് സോധ കുടുംബവുമായി നാല് വട്ടം സംസാരിച്ചത്. വെൽസ്‌പൺ ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന ചർച്ചയിൽ നികുതിയിളവും മെച്ചപ്പെട്ട പലിശയും ലഭിക്കുന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആരോപണം.

എസ്ബിഐ ഗാന്ധിനഗർ ശാഖയിലായിരുന്നു കുടുംബത്തിൻ്റെ അക്കൗണ്ട്. ബിജെപിയുടെ അഞ്ചാർ സിറ്റി പ്രസിഡൻ്റ് ഹേമന്ത് രജിനികാന്ത് ഷായുടെ യോഗങ്ങളിൽ പങ്കെടുത്തിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാലിത് ഹേമന്ത് രജിനികാന്ത് ഷാ തള്ളി. തനിക്കിതേപ്പറ്റി യാതൊരു അറിവുമില്ലെന്നാണ് ദ് ക്വിൻ്റിന് നൽകിയ പ്രതികരണത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.

തട്ടിപ്പിന് ഇരയാക്കപ്പെട്ട മൻവർ കുടുംബത്തിൻ്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത് 2022 ഒക്ടോബറിലാണ്. ജില്ലാ കളക്ടർ അധ്യക്ഷനായ ലാൻഡ് അക്വിസിഷൻ കമ്മിറ്റി നിശ്ചയിച്ച സ്ക്വയർ മീറ്ററിന് 17500 വില അടിസ്ഥാനമാക്കിയാണ് ഭൂമി വിൽപ്പന നടപടികൾ മുന്നോട്ട് പോയത്. ഇത് പ്രകാരം സ്ഥലത്തിൻ്റെ ആകെ വില 76 കോടി രൂപയായിരുന്നു. എന്നാൽ അത്രയും തുക നൽകാൻ വെൽസ്‌പൺ ഗ്രൂപ്പ് തയ്യാറായില്ല. ഇതോടെ ഒരു വർഷത്തോളം നടപടികൾ തടസപ്പെട്ടുവെന്ന് മൻവർ കുടുംബത്തിൻ്റെ അഭിഭാഷകൻ ഗോവിന്ദ് ദഫദ ക്വിൻ്റിനോട് പറഞ്ഞിട്ടുണ്ട്.

നിയമപ്രകാരം ഒരു വർഷത്തിനുള്ളിൽ ഇടപാട് നടന്നില്ലെങ്കിൽ എല്ലാ കാര്യങ്ങളും തുടക്കം മുതൽ പുനരാരംഭിക്കണമായിരുന്നു. ഈ സമയത്താണ് കച്ച് ജില്ലാ ഡപ്യൂട്ടി കളക്ടർ ഇടപെട്ടത്. ഇടപാടിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ചർച്ച നടപടി സ്ഥലത്തിൻ്റെ വില 16,61,21,877 കോടി രൂപയാക്കി നിജപ്പെടുത്തുകയായിരുന്നുവെന്നും ദഫദ ആരോപിച്ചു.

സർക്കാർ നിശ്ചയിച്ച വില അടിസ്ഥാനമാക്കി 76 കോടി രൂപയുടെ ഇടപാട് നടന്നിരുന്നെങ്കിൽ അത് 30.4 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിക്കുമായിരുന്നു. അവശേഷിക്കുന്ന 45.6 കോടി രൂപ മൻവർ കുടുംബത്തിനും കിട്ടുമായിരുന്നു. കുടുംബത്തിന് 16 കോടി രൂപയുടെ ചെക്ക് കൈമാറിയത് താനായിരുന്നുവെന്ന് അന്നത്തെ കച്ച് ഡപ്യൂട്ടി കളക്ടർ മെഹുൽ ദേശായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എല്ലാ കാര്യങ്ങളും നിയമപ്രകാരമാണ് നടന്നത്. ലാൻഡ് അക്വിസിഷൻ നിയമത്തിലെ സെക്ഷൻ 23- സമ്മതപത്രം- പ്രകാരമുള്ള രേഖകൾ ഒപ്പിട്ട ശേഷമാണ് പണം കൈമാറിയതെന്നും പറഞ്ഞ അദ്ദേഹം തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു.