World

വിശന്നു വലയുന്ന ഗസ്സയിലെ ജനതയ്ക്ക് വിശപ്പടക്കാൻ ഈ പച്ചില

Spread the love

വടക്കൻ ഗസ്സയിൽ എവിടെ നോക്കിയാലും കൽക്കൂനകളാണ്. ബോംബാക്രമണത്തിൽ തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ് അവ. ഇനിയും അവശേഷിക്കുന്ന കെട്ടിടങ്ങളിൽ കടകൾ അടഞ്ഞു കിടക്കുകയാണ്. കമ്പോളം നിശ്ചലം. കയറിക്കിടക്കാൻ ഇടമില്ലാതെ, ഭക്ഷണത്തിന് വകയില്ലാതെ പട്ടിണിയിലാണ് ഇവർ. ഏപ്പോൾ വേണമെങ്കിലും തലയ്ക്കുമുകളിൽ ബോംബ് പതിയ്ക്കുമെന്ന പേടി മാത്രമലല്ല അവർക്കുള്ളത്. വിശന്നു നിലവിളിക്കുന്ന കുഞ്ഞുങ്ങൾക്ക് എന്തുനൽകുമെന്ന ആശങ്കയിലാണ് ഓരോ പലസ്തീനിയനും. യുദ്ധത്തിൻ്റെ അനന്തരഫലമായി പട്ടിണിമരണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഇസ്രായേൽ പലസ്തീനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ കാരണം യുഎൻ അടക്കമുള്ള സന്നദ്ധ സംഘടനകൾക്ക് പോലും വെറും 22 ലക്ഷം മാത്രം വരുന്ന ജനസംഖ്യയുടെ വിശപ്പടക്കാനുള്ള ഭക്ഷണം എത്തിക്കാനാാവുന്നില്ല. ജീവനും കയ്യിൽ പിടിച്ചു പാലായനം ചെയ്യുന്നവർക്കിടയിൽ എങ്ങോട്ടും പോകാനില്ലാതെ കഴിയുന്നവർക്ക് കഴിക്കാൻ ഇപ്പോൾ ശേഷിക്കുന്നത് ഖൊബീസ എന്ന ചെടി മാത്രം.

ലോകത്ത് മറ്റാരെക്കാളും പലസ്തീൻ ജനതയെ സഹായിച്ചത് ഖൊബീസയാണെന്ന് ടെലെഗ്രാഫിനോട്‌ ടെലിഫോൺ വഴി സംസാരിച്ച പലസ്തീൻ സ്വദേശിയായ അമീൻ അബീദ് പറഞ്ഞു. ചീരയ്ക്കും കെയ്‌ലിനും സമാനമായ രുചിയാണ് ഖൊബീസയ്ക്ക്. കടും പച്ചനിറത്തിലുള്ള ഈ ചെടിയാണ് യുദ്ധക്കെടുതിക്ക് നടുവിലും ജീവൻ നിലനിർത്താൻ സഹായിക്കുന്നതെന്ന് അമീൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ശൈത്യകാലത്തെ ആദ്യത്തെ മഴയ്ക്ക് ശേഷം റോഡരികിലും ഒഴിഞ്ഞ പറമ്പുകളിലും വീട്ടുമുറ്റത്തും ചേറുകളിലും മുട്ടോളം വലിപ്പത്തിൽ വളരുന്ന ഒരു ചെടിയാണിത്. ഒലിവ് ഓയിലിൽ ഉള്ളി കൂടി ചേർത്ത് ഈ ചെടിയുടെ സൂപ്പ് ഉണ്ടാക്കിയാണ് ഇവർ കഴിക്കുന്നത്. കൊടും പട്ടിണിയെ പ്രതിരോധിക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ വഴിയാണ് ഇന്ന് ഗസ്സക്കാർക്ക് ഈ സൂപ്പ്. ഭക്ഷണ സാധനങ്ങളുടെ ലഭ്യത കുറവും താങ്ങാനാവാത്ത വിലയും മൂലം കഷ്ടപ്പെടുന്ന ഇവിടുത്തുകാർക്ക് ഖൊബീസയ്ക്കൊപ്പം കുറച്ചു ചേരുവകൾ മാത്രം ചേർത്ത് പാകം ചെയ്യാനും കഴിയുന്നു.

അതിർത്തികൾ പൂർണമായും അടച്ച് ഇസ്രായേൽ പിടിമുറുക്കിയതോടെ ഈ മേഖലയിലേക്ക്, ഇവിടെ താമസിക്കുന്ന 22 ലക്ഷം മനുഷ്യർക്ക് ആവശ്യമായ ഭക്ഷണമോ മരുന്നുകളോ എത്തുന്നില്ലെന്നു ഐക്യരാഷ്ട്ര സഭ ആശങ്ക അറിയിച്ചതാണ്. പോഷകാഹാരം ലഭിക്കാതെയുള്ള മരണങ്ങൾ ഈ മേഖലയിൽ കൂടുകയാണ്. ഇവിടുത്തെ ആരോഗ്യസ്ഥിതി സംബന്ധിച്ചു വിവിധ അന്താരാഷ്ട്ര സംഘടനകൾ ആശങ്ക അറിയിച്ചിട്ടും കാര്യമായൊന്നും സംഭവിച്ചില്ല.

ലേബനോൻ, ജോർദാൻ, സിറിയ, പലസ്തീനിലെ വെസ്റ്റ് ബാങ്ക് എന്നിടങ്ങളിലും വ്യാപകമായി വളരുന്ന ഈ ചെടി ആഹാരമാണ്. ഗസ്സയിൽ മറ്റു ചേരുവകൾ ഇല്ലാതാകുമ്പോൾ തിളച്ച വെള്ളത്തിൽ വേവിച്ച് സൂപ്പാക്കിയാണ് ആളുകൾ ഇത് കഴിക്കുന്നത്. ഇങ്ങനെ പാകം ചെയ്യുമ്പോൾ വളരെ കുറച്ചു ഖൊബീസ ഉപയോഗിച്ച് നിരവധി പേരുടെ വിശപ്പടക്കാൻ കഴിയും.