കൈ കാണിച്ചിട്ടും കാർ നിർത്തിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു; വധശ്രമക്കേസിൽ 2പേർ അറസ്റ്റിൽ
മാനന്തവാടി: വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വാളാട് സ്വദേശികളായ ചാലിൽ വീട്ടിൽ സി.എം അയ്യൂബ് (38), കോമ്പി വീട്ടിൽ അബു എന്ന ബാബു(40) എന്നിവരെയാണ് തലപ്പുഴ പൊലീസ് സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2023 നവംബർ 23ന് പുലർച്ചെ ആലാർ ഭാഗത്ത് ആയിരുന്നു കേസിനാസ്പദമായ സംഭവം.
പേരിയ 35-ൽ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹന പരിശോധന നടത്തുന്നതിനിടെ ചന്ദനത്തോട് ഭാഗത്തു നിന്നും വന്ന പ്രതികളുടെ കാർ കൈ കാണിച്ച് നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ, വാഹനം നിർത്താതെ അമിത വേഗതയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കുകയും ഡിപ്പാർട്മെന്‍റ് വാഹനത്തിൽ ഇടിക്കുകയുമായിരുന്നു.
തുടർന്ന് നിർത്താതെ പോയ വാഹനം ആലാർ ഭാഗത്ത് ബൈക്ക് പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി പരിക്കേൽപ്പിച്ച് കടന്നുകളയുയയും ചെയ്തു. വനംവകുപ്പ് ചുമത്തിയ കേസിൽ ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയായിരുന്ന പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.