‘കേരള സ്റ്റോറി’ക്ക് വേദി ഒരുക്കുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നീക്കം അപലപനീയം; ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം
‘ദി കേരള സ്റ്റോറി’ക്ക് വേദി ഒരുക്കുന്ന ചില ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നീക്കം അപലപനീയമെന്ന് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം. ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ലവ് ജിഹാദ് എന്ന നുണകഥയിലൂടെ ഒരു നാടിനെയും മുസ്ലിം മതവിശ്വസികളെയും ദേശവിരുദ്ധരായി അവതരിപ്പിക്കുകയാണ് കേരള സ്റ്റോറി എന്ന് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം കേരള ഘടകം പ്രതികരിച്ചു.
സംശയത്തിന്റെയും അകല്‍ച്ചയുടെയും വിത്തുകള്‍ പാകി ഒത്തൊരുമിച്ചുള്ള ജീവിതം അസാധ്യമാക്കി തീര്‍ക്കുവാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലേത്. ഇത്തരം സാഹചര്യത്തില്‍ ദി കേരള സ്റ്റോറി പോലെയുള്ള രാഷ്ട്രീയ പ്രചാരണ സാമഗ്രികള്‍ക്ക് വേദി ഒരുക്കികൊടുക്കുന്ന നടപടി അപലപനീയമാണ്. ഇത്തരം നീക്കങ്ങള്‍ നാടിന്റെ സമാധാനത്തിനെയും സഹോദര്യത്തിനെയും ക്രിസ്തുവിന്റെ സ്‌നേഹ സുവിശേഷത്തിനെയും ഒറ്റുകൊടുക്കലാണ്. പ്രസ്തുത നിലപാടുകളോട് വിദ്യാര്‍ത്ഥി ക്രൈസ്തവ പ്രസ്ഥാനത്തിന്റെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നും ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രസ്താവനയില്‍ അറിയിച്ചു.
ഇടുക്കി അതിരൂപതയുടെ പഠന ക്യാമ്പില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രസ്താവന.
അതേ സമയം തിയറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമിലും വന്ന സിനിമ പ്രണയക്കെണിയില്‍ പെടുന്നവര്‍ക്ക് അവബോധം സൃഷ്ടിക്കാനാണ് പ്രദര്‍ശിപ്പിച്ചത് എന്ന് സീറോ മലബാര്‍ സഭ വാക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. എന്തു കാണിക്കണം എന്തു കാണിക്കരുത് എന്ന് മറ്റുള്ളവരല്ല തീരുമാനിക്കുന്നത്. സിനിമ പ്രദര്‍ശനത്തിന് പിന്നില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടക്കാനോ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോ സഭയ്ക്കില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.