National

‘മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടല്‍’; മണിപ്പൂര്‍ കലാപ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂര്‍ കലാപ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അസം ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍. കലാപത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമയോചിതമായി ഇടപെടല്‍ നടത്തി. മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടലാണെന്നുമാണ് പ്രധാനമന്ത്രിയുടെ അവകാശവാദം.

മുന്‍പ് മണിപ്പൂരിലെ സാഹചര്യം അതിരൂക്ഷമായ ഘട്ടത്തില്‍ പാര്‍ലമെന്റില്‍ ദിവസങ്ങളോളം പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുകയും തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ആ ഘട്ടത്തില്‍ പാര്‍ലമെന്റിനകത്ത് പ്രധാനമന്ത്രി സംസാരിച്ചുവെങ്കിലും അഭിമുഖങ്ങളിലോ പൊതുവേദികളിലോ വിഷയത്തില്‍ മോദി ഇതുവരെ മൗനം ആചരിക്കുകയായിരുന്നു. ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഏതെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അസം ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പിലാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

കലാപ ബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ മണിപ്പൂരില്‍ തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കൃത്യമായി പരിഗണിച്ചാണ് കേന്ദ്രം സഹായമെത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.