നെഗറ്റീവ് റിവ്യൂ കേരളത്തില്‍ മാത്രം അല്ല തെലുങ്കിലും പ്രശ്നം; കേസുമായി വിജയ് ദേവരകൊണ്ട ഫാന്‍സ്
ഹൈദരാബാദ്: തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമായ ഫാമിലി സ്റ്റാര്‍ വലിയ പ്രതീക്ഷയോടെയാണ് വെള്ളിയാഴ്ച റിലീസായത്. എന്നാല്‍ ചിത്രത്തിന് സമിശ്രമായ പ്രതികരണമാണ് ഉണ്ടായത്. വേള്‍ഡ് ഫെയ്മസ് ലൌവര്‍, ലൈഗര്‍ തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തിന് സമാനമായ രീതിയിലാണ് ചില ട്രോളുകള്‍ അടക്കം വിജയ് ദേവരകൊണ്ടയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേ സമയം ഫാമിലിസ്റ്റാറിനെ ബോക്‌സ് ഓഫീസിലെ മോശം പ്രകടനത്തിന് കാരണക്കാര്‍ എന്ന് പറഞ്ഞ്. ചില ട്രോളുകൾക്കെതിരെ നടൻ്റെ ദേവരകൊണ്ടയുടെ മാനേജരും ഫാൻസ് ക്ലബ്ബിൻ്റെ പ്രസിഡൻ്റും ഹൈദരാബാദിലെ മദാപൂരിലെ സൈബരാബാദ് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇപ്പോള്‍.
ദേവരകൊണ്ടയുടെ ഒരു പ്രതിനിധി എന്ന് അവകാശപ്പെടുന്നയാള്‍ ഇതുമായി ബന്ധപ്പെട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ഇത്തരം നെഗറ്റീവ് പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയെന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു.
ഫാമിലി സ്റ്റാറിനെയും വിജയ് ദേവരകൊണ്ടയെയും ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണങ്ങളും ആസൂത്രിത നെഗറ്റീവ് കാമ്പെയ്‌നുകളുടെയും ഭാഗമായ വ്യക്തികൾക്കെതിരെ സൈബർ ക്രൈമിന് പരാതി നൽകിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ ഇതിനകം തന്നെ നടപടി തുടങ്ങി, വ്യാജ ഐഡികളെയും ഉപയോക്താക്കളെയും കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്യും എന്നാണ് ട്വീറ്റില്‍ പറയുന്നത്.
അതേ സമയം ചിത്രത്തിനെതിരെ ഓണ്‍ലൈനില്‍ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ദില്‍ രാജുവും പ്രസ്താവിച്ചു. ടിവി 9ന് നല്‍കിയ അഭിമുഖത്തില്‍ ദില്‍ രാജു പറഞ്ഞത് ഇതാണ്. നെഗറ്റീവ് ഓൺലൈൻ പ്രതികരണങ്ങൾക്കിടയിലും, പ്രേക്ഷകർ ഫാമിലി സ്റ്റാറിനോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട്. അവർ സിനിമ ആസ്വദിക്കുകയാണ്.
എന്തിനാണ് സിനിമയ്ക്ക് ഇത്ര മോശം പ്രതികരണങ്ങൾ ലഭിക്കുന്നതെന്ന് കാണുന്നവരെല്ലാം പറയുന്നുണ്ട്. ഒരു സിനിമയുടെ റിലീസിൻ്റെ ആദ്യ ദിവസങ്ങളിലെ റിവ്യൂകൾ നിയന്ത്രിക്കുന്നതിനെക്കുറിച്ച് കേരളത്തിൽ ചർച്ച ചെയ്യുന്നതായി കേട്ടു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും സമാനമായ എന്തെങ്കിലും സംഭവിക്കേണ്ടതുണ്ട്. അത് നിർമ്മാതാക്കളെ എത്രമാത്രം ബാധിക്കുന്നുവെന്ന് ആളുകൾക്ക് മനസ്സിലാകുന്നില്ല. നിങ്ങളുടെ അഭിപ്രായം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും ദില്‍ രാജു പറഞ്ഞു.