Kerala

പാനൂര്‍ സ്ഫോടനം; രണ്ട് പേര്‍ കൂടി അറസ്റ്റിൽ, നിര്‍ണായക വിവരം തേടി പൊലീസ്, ഒളിവിലുള്ളവര്‍ക്കായി അന്വേഷണം

Spread the love

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിൽ. ഉച്ചയോടെ കസ്റ്റഡിയിലെടുത്ത അമല്‍ ബാബു, മിഥുൻ എന്നിവരുടെ അറസ്റ്റ് ആണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. സംഭവ നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നയാളാണ് അമല്‍ എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ അമൽ ബാബു ഡിവൈഎഫ്ഐ പ്രവർത്തകനാണ്. സിപിഎം റെഡ് വളണ്ടിയറുമായിരുന്നു. അറസ്റ്റിലായ മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് പറയുന്നു. കേസില്‍ രണ്ടു പേര്‍ ഒളിവിലാണ്. പരിക്കേറ്റ മൂന്ന് പേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.

ഒളിവിലുള്ള രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആര്‍ക്കു വേണ്ടിയാണ് ബോംബ് നിര്‍മിച്ചതെന്ന നിര്‍ണായക വിവരം തേടിയാണ് പൊലീസ് അന്വേഷണം. ഒളിവിലുള്ള പ്രതികളെ പിടികൂടാനായാല്‍ ഇക്കാര്യം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബോംബ് നിർമിക്കാൻ മുൻകൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. സ്ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്‍റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

അതേസമയം,പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന നടന്നുവരികയാണ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. പാനൂര്‍ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.