സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകി; രാജീവ് ചന്ദ്രശേഖറിനെതിരെ എൽഡിഎഫ് പരാതി നൽകി
തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് എൽഡിഎഫ് പരാതി നൽകി. സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് പരാതി. ജുപ്പീറ്റർ ക്യാപിറ്റൽ ഉൾപ്പെടെ കമ്പനികളുടെ ആസ്തികൾ സത്യവാങ്മൂലത്തിൽഡ ഉൾപ്പെടുത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. വ്യാജ സത്യവാങ്മൂലത്തിനെതിരെ നടപടി വേണമെന്ന് പരാതിയിൽ എൽഡിഎഫ് ആവശ്യപ്പെട്ടു.
സ്വത്തുവിവരങ്ങൾ നൽകിയതിൽ കൃത്യതയില്ലെന്ന് എൽഡിഎഫ് ആരോപിച്ചു. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുള്ള എം വിജയകുമറാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ ഉൾപ്പെടെയുള്ള ലംഘനമാണ് രാജീവ് ചന്ദ്രശേഖർ നടത്തിയിരിക്കുന്നത് എന്ന് പരാതിയിൽ പറയുന്നു. എൽഡിഎഫ് പരാതി തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിച്ചുവരികയാണ്. വിഷയത്തിൽ രാജീവ് ചന്ദ്രശേഖർ പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രധാന സ്ഥാനാർത്ഥികളിൽ നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം ആസ്തിയിൽ രണ്ടാം സ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ ആണ്. ആകെ 23.65 കോടിയുടെ സ്വത്താണുള്ളത്. സ്ഥാവര സ്വത്തുക്കൾ 14.4 കോടിയുടേയും, സ്വർണം, വാഹനം തുടങ്ങി ജംഗമ സ്വത്തുക്കളായി 9.25 കോടിയുടേയും ആസ്തിയുള്ളതായി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുന്നു.