തരൂരിന്റേത് പച്ചക്കള്ളത്തിന്റെ രാഷ്ട്രീയം; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
പണം നല്‍കി വോട്ട് നേടുന്നുവെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ശശി തരൂരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തരൂരിന്റെത് പച്ചക്കള്ളത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. തരൂരിനെതിരെ മാനഷ്ടക്കേസ് ഫയല്‍ ചെയ്യും. നടപടിക്കായി തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിക്കും. ഡോ ശശി തരൂര്‍ മത സാമുദായിക സംഘടനകളെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ട് നേടുന്നുവെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. മത, സാമുദായിക നേതാക്കളുള്‍പ്പെടെ ഇക്കാര്യം രഹസ്യമായി വെളിപ്പെടുത്തിയെന്ന് ശശി തരൂര്‍ പരിപാടിയില്‍ പറഞ്ഞു.
ഇക്കാര്യം പുറത്ത് പറയാന്‍ ആരും തയറാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. തെളിവുകളുണ്ടെന്നും ഇക്കാര്യം പുറത്തുവിടാന്‍ പറ്റാത്തതിന്റെ കാരണം പണം ലഭിച്ചവര്‍ പരസ്യമായി തുറന്നുപറയാത്തതുകൊണ്ടാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി.
കഴിഞ്ഞ തവണത്തേക്കാള്‍ നൂറിരട്ടി പണം മണ്ഡലത്തില്‍ ബിജെപി ചെലവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലയാളി സ്വഭിമാനമുള്ളതുകൊണ്ട് പണം വാങ്ങി വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപിയുമായാണ് മത്സരമെന്നും ബിജെപി രണ്ടാമത് എത്തുമെന്നും ശശി തരൂര്‍ പറഞ്ഞു.