‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ. ഇന്ന് രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്‍റെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്.
എന്നാൽ ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. കേന്ദ്ര സർക്കാർ ദൂരദർശനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപണം. പ്രദർശനം പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ എൽഡിഎഫും യുഡിഎഫും.
കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി. നഗ്നമായ പെരുമാറ്റ ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രമായിരുന്നു ദ കേരള സ്റ്റോറി. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് അതിന്‍റെ തീയറ്റര്‍ റണ്ണിംഗ് അവസാനിപ്പിച്ചത്. ചിത്രം തീയറ്റര്‍ വിട്ട് ഏറെക്കാലം കഴിഞ്ഞാണ് ഒടിടിയില്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്.
അതേസമയം ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വാദമാണ് ഒടിടി ഭീമന്മാരെ ചിത്രം ഏറ്റെടുക്കുന്നതില്‍ പിന്നോട്ട് വലിക്കുന്നത് എന്നാണ് സിനിമ വൃത്തങ്ങളെ ഉദ്ധരിച്ച് പറഞ്ഞിരുന്നു.