വോൾട്ടേജ് ക്ഷാമം; കെഎസ്ഇബി ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബം
കോട്ടയം കടുത്തുരുത്തിയൽ വോൾട്ടേജ് ക്ഷാമത്തെ തുടർന്ന് കെഎസ്ഇബി ഓഫീസിൽ കുടുംബം കുത്തിയിരുന്ന് പ്രതിഷേധിച്ചു. എഴുമാംതുരുത്ത് സ്വദേശി ബിബിനും കുടുംബവുമാണ് രാത്രി ഓഫീസിലെത്തി പ്രതിഷേധിച്ചത്. ഉടൻ പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
കഴിഞ്ഞ ആറ് മാസമായി വോൾട്ടേജ് ഇല്ലാത്ത വലയുകയായിരുന്നു എഴുമാ തുരുത്ത് സ്വദേശി ബിബിനും കുടുംബവും. ഓക്‌സിജൻ സപ്പോർട്ട് വേണ്ട പിതാവടക്കം അനുഭവിച്ചത് തീരാ ദുരിതം.പലതവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലാതെ വന്നതോടെയായിരുന്നു പ്രതിഷേധം
പായ വിരിച്ച് ഓഫീസിനുള്ളിൽ കുത്തിയിരുന്ന കുടുംബം പരിഹാരം കാണാതെ തിരികെ പോകില്ലെന്ന നിലപാടിൽ ഉറച്ച് നിന്നു.അനുനയത്തിന് കുടുബം വഴങ്ങിലെന്ന് ബോധ്യപ്പെട്ടതോടെ ഉടൻ പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നല്കി. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം മടങ്ങി. കോപ്പർ ലൈൻ ആയതാണ് വോൾട്ടേജ് കുറയാൻ കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പകരം അലൂമിനിയം ലൈനാക്കി കണക്ഷൻ ഉടൻ മാറ്റി നല്കുമെന്നാണ് ഉറപ്പ്.