വേദന താങ്ങാനാവാതെ അമ്മ, ജീവനെടുത്തത് പുതിയ വീട്ടിൽ താമസം തുടങ്ങി 7ാം നാൾ’; ടിടിഇ വിനോദിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്
കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടപടികൾ നടക്കുക. മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. അറസ്റ്റിലായ പ്രതി രജനീകാന്തയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും ആലോചിക്കുന്നുണ്ട്.
ഇന്നലെ രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയക്ക് വിധേയനാക്കിയ പ്രതിയെ തൃശ്ശൂരിൽ എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എഴരയോടെയാണ് എറണാകുളം-പറ്റ്ന എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി രജനികാന്ത് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ടത്. പാളത്തിൽ വീണ വിനോദിന്റെ ശരീരത്തിലൂടെ എതിർ ദിശയിൽ വന്ന ട്രെയിൻ കയറുകയായിരുന്നു.
എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഴിഞ്ഞ മാസം 27നാണ്. അപ്രതീക്ഷിത ദുരന്തത്തെ പറ്റി ഒന്നും അറിയുന്നുണ്ടായിരുന്നില്ല അമ്മ. റെയിൽവേ ജീവനക്കാരത്തെി സൂചന നൽകും വരെ. എല്ലാവരുമായും നല്ല രീതിയിൽ ഇടപഴകിയിരുന്ന വിനോദിന്റെ ദുര്യോഗം അമ്മയെ തളര്‍ത്തി.
അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിച്ചത്. ഏറെ കാത്തിരുന്ന നിർമിച്ച വീടിന്റെ ഗൃഹപ്രവേശം നടത്തി ഏറെ നാൾ കഴിയും മുന്നെയാണ് ദാരുണ സംഭവം വിനോദിന്റെ ജീവനെടുത്തത്. റെയിൽവേയിലെ ജോലി വിനോദിന് ഉപജീവനമായിരുന്നു. സിനിമയിലെ അഭിനയം സ്വപ്നവും. ആ സ്വപ്നത്തിലേക്കുള്ള യാത്രക്കിടെയാണ് രജനീകാന്ത് എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂരത വിനോദിന്റെ ജീവനെടുത്തത്.