National

ബിജെപിക്കെതിരായ ആരോപണം; അതിഷിക്കെതിരെ നിയമനടപടി ആരംഭിച്ച് ബിജെപി

Spread the love

ആംആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി മർലേനയ്‌ക്കെതിരെ നിയമനടപടി ആരംഭിച്ച് ബിജെപി. അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് നൽകി. പാർട്ടിയിൽ ചേർന്നില്ലെങ്കിൽ ഇ.ഡിയെ ഉപയോഗിച്ച് ജയിലിൽ അടക്കുമെന്ന് ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന അതിഷിയുടെ ആരോപണത്തിൻമേലാണ് നടപടി. ഡൽഹി ബിജെപിയാണ് നോട്ടിസ് അയച്ചത്. അതിഷി മാപ്പ് പറയണമെന്നാണ് നോട്ടിസിലെ ആവശ്യം.

ഡൽഹിയിൽ ആംആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി വീണ്ടും ഓപ്പറേഷൻ താമര ആരംഭിച്ചതയാണ് പാർട്ടി നേതാക്കളുടെ ആരോപണം. കഴഞ്ഞ ദിവസം ഡൽഹി നിയമസഭയിൽ ആംആദ്മി എംഎൽഎ ഋതുരാജ് ഝാ പാർട്ടിയിൽ ചേരാൻ ബിജെപി 25 കോടി വാഗ്ദാനം ചെയ്തിരുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് ഇന്നലെ അതിഷിയും വെളിപ്പെടുത്തൽ നടത്തിയത്. ബിജെപിയിൽ ചേർന്നിലെങ്കിൽ ഇഡിയെ ഉപയോഗിച്ച് ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞതായുള്ള ഗുരുതര ആരോപണമാണ് അതിഷി ഉന്നയിച്ചത്. വരും ദിവസങ്ങളിൽ തന്റെ വസതിയിൽ ഇഡിയുടെ പരിശോധന ഉണ്ടാകുമെന്നും അതിന് ശേഷം ജയിലിൽ അടിക്കുമെന്നുമാണ് അതിഷി പറഞ്ഞത്.

എന്നാൽ ആംആദ്മിയുടെ ആരോപണങ്ങൾ വ്യാജമെന്നാണ് ബിജെപിയുടെ മറുപടി. എന്തുകൊണ്ട് ഈ കാര്യങ്ങളിൽ പൊലീസിനെ സമീപിക്കുന്നില്ല എന്നും ബിജെപി ചോദിച്ചു.