Monday, November 18, 2024
Latest:
World

‘കച്ചത്തീവ് ലങ്കയുടെ ഭാഗം, ഇന്ത്യ ഔദ്യോഗികമായി ഇടപെട്ടാൽ മറുപടി നൽകും’ : ശ്രീലങ്കൻ മന്ത്രി ജീവൻ തൊണ്ടെമാൻ

Spread the love

കച്ചത്തീവ് ദ്വീപ് വിഷയം ബിജെപി പ്രചാരണായുധമാക്കുന്നതിനിടെ, പ്രതികരണവുമായി ശ്രീലങ്ക. കച്ചത്തീവ് ലങ്കയുടെ ഭാഗമാണെന്നും ഇന്ത്യ ഔദ്യോഗികമായി ഇടപെട്ടാൽ മറുപടി നൽകുമെന്നും മന്ത്രി ജീവൻ തൊണ്ടെമാൻ. കച്ചത്തീവ് ചർച്ചയാക്കാനുള്ള ബിജെപിയുടെ നീക്കം, തിരിച്ചടിയാകുമെന്ന് മുൻ വിദേശകാര്യ സെക്രട്ടറിമാർ പറയുന്നു.

തമിഴ്‌നാട്ടിൽ കച്ചത്തീവ് വിഷയം കാര്യമായി ഉന്നയിക്കാനാണ് ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് പിന്നാലെ ബിജെപിയുടെ എല്ലാ നേതാക്കളും കച്ചത്തീവ് വിഷയം എല്ലായിടത്തും ഉന്നയിക്കുന്നുണ്ട്. അതിനിടെയാണ് ശ്രീലങ്കയുടെ പ്രതികരണം വന്നത്. കച്ചത്തീവ് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് നടക്കുന്നുവെന്നാണ് ബിജെപി പറയുന്നത്. എന്നാൽ ഔദ്യോഗികമായി ഒരു ഇടപെടലും ഇക്കാര്യത്തിൽ ഇന്ത്യ നടത്തിയിട്ടില്ല. ഇടപെട്ടാൽ ഇക്കാര്യത്തിൽ മറുപടി നൽകാമെന്ന് ശ്രീലങ്കൻ മന്ത്രി ജീവൻ തെണ്ടെമാൻ പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സൗഹാർദ്ദത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു.

തെരഞ്ഞെടുപ്പിൽ കച്ചത്തീവ് വിഷയം ചർച്ചയാക്കുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് മുൻ വിദേശകാര്യ സെക്രട്ടറിമാർ പറഞ്ഞു. വിഷയം സെൽഫ് ഗോളാകുമെന്ന് ശിവശങ്കർ മേനോനും ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിയ്ക്കുമെന്ന് നിരുപമ റാവുവും മുന്നറിയിപ്പ് നൽകി. സർക്കാറുകൾ മാറുന്നതിനനുസരിച്ച് നിലപാടുകൾ മാറുന്നത് ശരിയല്ലെന്ന് മുൻ ഹൈക്കമ്മിഷണർ അശോക് കാന്തയും പറഞ്ഞു.

കച്ചത്തീവ് വിഷയം ബിജെപി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിയ്ക്കുന്നുവെന്ന് കേൺഗ്രസ് നേതാവ് മനീഷ് തിവാരി. നയതന്ത്രനിലപാടിന് തുരങ്കം വയ്ക്കരുതെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ഭൂമി ബംഗ്ലാദേശിന് നൽകിയെന്നും ചൈന ലാഡകിൽ തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയെന്നും ഇതിനെ കുറിച്ചൊന്നും പ്രധാനമന്ത്രിയ്ക്ക് പറയാനില്ലെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി.

കച്ചത്തീവ് വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉന്നയിച്ചതല്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാജ്യസ്‌നേഹമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും വിഷയം ഉന്നയിക്കാം. കഴിഞ്ഞ പത്തു വർഷമായി കച്ചത്തീവ് വിഷയത്തിൽ കേന്ദ്രം ഒന്നും ചെയ്തില്ലെന്ന വാദം തെറ്റാണ്. സുപ്രീം കോടതിയിൽ രണ്ട് റിട്ട് ഹർജികളുണ്ടെന്നും കേസ് പരിഗണിയ്ക്കുമ്പോൾ കേന്ദ്രനിലപാട് വ്യക്തമാക്കുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.