വില്ലേജ് ഓഫിസറുടെ ആത്മഹത്യയിലേക്ക് നയിച്ചത് രാഷ്ട്രീയ സമ്മര്‍ദം; വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിനെ ആത്മഹത്യയിലേക്ക് നയിച്ചത് രാഷ്ട്രീയ സമ്മര്‍ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അടൂര്‍ ആര്‍ഡിഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി. തുടര്‍നടപടിക്കായി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് കളക്ടര്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.
ഗുരുതര ആരോപണമായിരുന്നു മനോജിന്റെ കുടുംബം ഉന്നയിച്ചിരുന്നത്.ജില്ലയിലെ 12 വില്ലേജ് ഓഫീസര്‍മാര്‍ ചേര്‍ന്ന് മനോജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കി . തുടര്‍ന്നാണ്ഭ രണകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വില്ലേജ് ഓഫീസറായിരുന്ന മനോജ് ജീവനൊടുക്കിയതെന്ന പരാതിയില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ബന്ധുക്കള്‍, സഹപ്രവര്‍ത്തകരായ വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങി മനോജിന്റെ പരിചയക്കാരില്‍ നിന്നുവരെ അടൂര്‍ ആര്‍ഡിഒ മൊഴിയെടുത്തു.
രാഷ്ട്രീയ സമ്മര്‍ദം കാരണം ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മനോജ് എന്നാണ് ലഭിച്ചിരിക്കുന്ന മൊഴികള്‍. ഇതേതുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദത്തിനൊടുവില്‍ വില്ലേജ് ഓഫീസര്‍ ജീവനൊടുക്കിയെന്നാണ് അന്വേഷണത്തിലെ സുപ്രധാന കണ്ടെത്തല്‍. ഭരണകക്ഷി നേതാക്കള്‍ക്കതിരെ കുടുംബം ആരോപണം ഉന്നയിച്ചെങ്കിലും ആര്‍ഡിഒയുടെ റിപ്പോര്‍ട്ടില്‍ ആരുടെയും പേരുകള്‍ ഇല്ല. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഉടന്‍ സര്‍ക്കാരിന് കൈമാറും.