എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ഇടതുമന്ത്രിയുടെ ചിത്രം; തന്റെ ഫോട്ടോ വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
കർണാടകയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ തന്റെ ചിത്രം ഉപയോഗിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതി കെ കൃഷ്ണൻകുട്ടി. ചിത്രം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. ജെഡിഎസ് ദേശീയ നേതൃത്വവുമായി യാതൊരു ബന്ധവും തങ്ങൾക്ക് ഇപ്പോഴില്ലെന്ന് മന്ത്രി വ്യക്തമാക്കി. തങ്ങൾ സ്വതന്ത്ര നിലപാടുമായി സിപിഐഎമ്മിനൊപ്പം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ പാർട്ടിയ്ക്ക് ബിജെപിയുമായി ബന്ധം വന്നപ്പോൾ തങ്ങൾ കേരളത്തിൽ സംസ്ഥാന കമ്മിറ്റി ചേരുകയും കർണാടകയിലെ പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ഒറ്റക്കെട്ടായി തീരുമാനമെടുക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി ആവർത്തിച്ചു. ഇനി അതിൽ പ്രത്യേക ചർച്ചകളുടെ ആവശ്യമില്ല. വിഷയത്തിൽ കേസ് കൊടുക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നയങ്ങളോട് തങ്ങൾക്ക് ഒരിക്കലും യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിന്റേയും മന്ത്രി കൃഷ്ണൻ കുട്ടിയുടേയും ചിത്രങ്ങളാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിലുണ്ടായിരുന്നത്. ജെഡിഎസ് സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരുന്നത്. ജെഡിഎസ് ദേശീയതലത്തിൽ എൻഡിഎയ്ക്കൊപ്പമാണെങ്കിലും കേരളത്തിൽ പാർട്ടി ഇടതുമുന്നണിയിലാണ്.