National

ഇത് രാജ്യത്തെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പ്’; രാംലീലയില്‍ ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി

Spread the love

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ പങ്കെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. രാംലീല മൈതാനിയില്‍ 28 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ, ഉദ്ധവ് താക്കറെ, പ്രിയങ്ക ഗാന്ധി, ഭഗ്വന്ത് മന്‍, ഫറൂഖ് അബ്ദുള്ള, തേജസ്വി യാദവ്, കല്‍പന സോറന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തിന്റെ ഭാഗമായി.

ക്രിക്കറ്റിലെ ഒത്തുകളി പോലെയാണ് പൊതുതെരഞ്ഞെടുപ്പിലെ അവസ്ഥയെന്ന് റാലിയില്‍ പങ്കെടുത്ത് സംസാരിച്ച രാഹുല്‍ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒത്തുകളി നടത്തുകയാണ്. ഒത്തുകളി നടത്തുന്നതുകൊണ്ട് നാനൂറിലധികം സീറ്റ് കിട്ടുമെന്ന് പ്രധാനമന്ത്രി പറയുന്നത്. 400 സീറ്റ് കിട്ടിയാല്‍ ഭരണഘടന മാറ്റിയെഴുതും എന്ന് ബിജെപി എംപി അവകാശപ്പെടുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് രാജ്യത്തെ പ്രധാന പ്രശ്‌നം. ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ല. രാജ്യത്തെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനങ്ങള്‍ കരുത്ത് കാണിക്കേണ്ട തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലാക്കി. ബിജെപി ശ്രമം പ്രതിപക്ഷം മത്സരിക്കുന്നത് തടയാന്‍. മാധ്യമങ്ങളില്ലാത്ത രാജ്യമാണ് ബിജെപി ലക്ഷ്യം. ബിജെപി ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജ്യം രക്ഷപെടില്ലെന്നും രാഹുല്‍ പറഞ്ഞു.

മഹാറാലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം ഭാര്യ സുനിത കെജരിവാള്‍ വായിച്ചു. ജയിലില്‍ ഇരുന്ന് ചോദിക്കുന്നത് വോട്ടല്ല പുതിയൊരു ഭാരതം നിര്‍മിക്കണമെന്നാണ്. ഇന്ത്യാ മുന്നണി വെറും പേരില്‍ മാത്രമല്ല, എല്ലാവരുടെയും മനസിലാണെന്നും സന്ദേശത്തില്‍ കെജ്രിവാള്‍ പറഞ്ഞു.

അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്ന് കല്‍പന സോറന്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് എന്നും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെന്ന് ഡെറിക് ഒബ്രയാന്‍. മമത ബാനര്‍ജിയുടെ പൂര്‍ണ പിന്തുണ കെജ്രിവാളിനെന്ന് സാഗരിക ഘോഷും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ചരിത്രപരമായ റാലിയെന്ന് യെച്ചൂരിയും ലോകത്തെ ഏറ്റവും നുണ പറയുന്ന പാര്‍ട്ടി ബിജെപിയാണെന്ന് അഖിലേഷ് യാദവും പറഞ്ഞു.