തിരുവണ്ണാമലയിലെ വൈറല്‍ തൊപ്പിയമ്മ’; തലയില്‍ തൊപ്പി, മുഷിഞ്ഞ വേഷം; കഴിച്ച് ഉപേക്ഷിക്കുന്നത് പ്രസാദം
തമിഴ്‌നാട്ടിലെ തീർത്ഥാടന നഗരമായ തിരുവണ്ണാമലൈയിൽ വൈറലായി ‘തൊപ്പി അമ്മ’.അവരുടെ ഒപ്പം നടക്കാനും അവര്‍ കഴിച്ചുപേക്ഷിക്കുന്നതും കുടിച്ച് ഉപേക്ഷിക്കുന്നതും പ്രസാദമായി സ്വീകരിക്കാനും നിരവധി പേരാണുള്ളത്. തിരുവണ്ണാമലൈയിലെ റോഡുകളിലൂടെ നടന്നു നീങ്ങുന്ന ഇവരുടെ വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഇന്ത്യ ടുഡേ യാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയുന്നത്.
മുഷിഞ്ഞ നീളൻ പാവാടയും ഫുൾകൈ ഷർട്ടും ധരിച്ച് വളരെ അലക്ഷ്യമായി നടക്കുന്ന ആ സ്ത്രീയുടെ ഫോട്ടോയും വീഡിയോയും വൈറലാകുകയാണ്. തൊപ്പി അമ്മയെ ഒരു സാധാരണ സ്ത്രീയായല്ല ഇവിടെ വരുന്ന ഭക്തർ കാണുന്നത്.
ഒരു വിഡിയോയിൽ ഇവര്‍ നടന്നുപോകുമ്പോള്‍ ആളുകള്‍ കൂപ്പുകൈകളോടെ സ്വീകരിക്കുന്നതും അവര്‍ക്ക് നടക്കാന്‍ വഴിയൊരുക്കുന്നതും കാണാം. ചിലപ്പോഴെല്ലാം എന്തെങ്കിലും പിറുപിറുക്കും എന്നല്ലാതെ അധികം ആരോടും ഇവര്‍ സംസാരിക്കാറില്ല. അതുപോലും പുരാതന ഭാഷയാണെന്ന് കരുതുന്നവരുണ്ട്.
“തിരുവണ്ണാമലയിൽ മാനസിക വൈകല്യമുള്ള ഒരു സ്ത്രീയെ തൊപ്പി അമ്മയായി ആരാധിക്കുന്നു,” എന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ആളുകൾ അവളെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ, അവരുടെ മാനസികാവസ്ഥ താളം തെറ്റി സഹായം ആവശ്യമാണെന്നും പറയുന്ന നിരവധി പേരുമുണ്ട്. എന്നാൽ അവരുടെ ആത്മീയതയിൽ മുഴുകുന്നവരാണ് ഏറെയും.