Sunday, November 24, 2024
Latest:
Kerala

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു

Spread the love

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു.
മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം.

സിദ്ധാർത്ഥന്റെ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു ഗവർണറുടെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറി. സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തി രേഖകള്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പെര്‍ഫോമ, എഫ്‌ഐആറിന്റെ പരിഭാഷപ്പെടുത്തിയ കോപ്പി തുടങ്ങിയവ കൈമാറിയിട്ടുണ്ട്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, രേഖകള്‍ സിബിഐക്ക് കൈമാറാത്തത് വിവാദമായിരുന്നു. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് രേഖകള്‍ സിബിഐക്ക് കൈമാറുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് രേഖകള്‍ വൈകുന്നത് വൈകിപ്പിച്ച ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. പ്രൊഫോമ റിപ്പോര്‍ട്ട് വൈകിപ്പിച്ചത് ഇവരുടെ വീഴ്ച കൊണ്ടാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

ആഭ്യന്തര സെക്രട്ടറി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സിദ്ധാര്‍ത്ഥന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഈ മാസം 9നാണ് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഒരാഴ്ചയ്ക്കു ശേഷം 16നാണ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് അയച്ചത്.