അടിതെറ്റി ഗുജറാത്ത്; തല ഉയർത്തി ചെന്നൈയ്ക്ക് രണ്ടാം ജയം; ടൈറ്റൻസിനെ 63 റൺസിന് തോൽപ്പിച്ചു
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് രണ്ടാം വിജയം. സീസണിലെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് ചെന്നൈ 63 റൺസിനാണ് പരാജയപ്പെടുത്തിയത്. ചെന്നൈയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് 143 റൺസ് മാത്രമേ എടുക്കാനായുള്ളു. ടീമിൽ സായ് സുദർശൻ(37) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഗുജറാത്തിന് മൂന്നാം ഓവറിൽത്തന്നെ നായകൻ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്. ശിവം ദുബെ (51), ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദ് (46), രചിൻ രവീന്ദ്ര (46) എന്നിവരുടെ പ്രകടനമാണ് ചെന്നൈയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. ഒന്നാം വിക്കറ്റിൽ രചിൻ – ഗെയ്കവാദ് സഖ്യം 62 റൺസാണ് ചേർത്തത്. മൂന്ന് സിക്‌സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു രചിന്റെ ഇന്നിംഗ്സ്.
36 പന്തുകൾ നേരിട്ട ഗെയ്കവാദ് ഒരു സിക്‌സും അഞ്ച് ഫോറും നേടി. 13-ാം ഓവറിൽ ഗെയ്കവാദിനെ സ്‌പെൻസർ ജോൺസൺ മടക്കി. പിന്നീട് ക്രിസീലെത്തിയ ദുബെ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. നേരിട്ട ആദ്യ രണ്ട് പന്തും ദുബെ സിക്സർ പറത്തി. 23 പന്തിൽ അഞ്ച് സിക്‌സും രണ്ട് ഫോറും ഉൾപ്പെടെ അർധ സെഞ്ചുറി പൂർത്തിയാക്കിയാണ് താരം കളം വിട്ടത്.
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), അസ്മത്തുള്ള ഒമർസായി, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, സായ് കിഷോർ, ഉമേഷ് യാദവ്, മോഹിത് ശർമ, സ്‌പെൻസർ ജോൺസൺ.
ചെന്നൈ സൂപ്പർ കിംഗ്‌സ്: രചിൻ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, ഡാരിൽ മിച്ചൽ, സമീർ റിസ്വി, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പർ), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മതീഷ പതിരാന.