‘കേന്ദ്ര വിഹിതം മുൻകൂറായി അടച്ചിട്ടും 1.94 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ ലഭിച്ചില്ല’; സാങ്കേതിക പ്രശ്‌നമെന്ന് കേന്ദ്ര സർക്കാർ
കേന്ദ്ര വിഹിതം മുൻകൂറായി അടച്ചിട്ടും ക്ഷേമ പെൻഷൻകാർക്ക് തുക ലഭിച്ചില്ല. ക്ഷേമ പെൻഷൻ പൂർണമായി ലഭിക്കാത്തത് 1.94 ലക്ഷം പേർക്ക്. സാങ്കേതിക പ്രശ്‌നമെന്നും ഉടൻ പരിഹരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഒരുമാസത്തെ സാമൂഹ്യക്ഷേമപെൻഷൻ ചിലർക്ക് കിട്ടാത്തതിന് കാരണം കേന്ദ്രസർക്കാർ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങളാണെന്ന് സംസ്ഥാന ധനവകുപ്പ് അറിയിച്ചു. 52ലക്ഷം പേർക്കാണ് സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാപെൻഷൻ നല്‍കുന്നത്.
അതില്‍ 6.3ലക്ഷം പേർക്കാണ് കേന്ദ്രസഹായമുള്ളത്. കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവർക്ക് പബ്ളിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് പെൻഷൻ നല്‍കുന്നത്.
ഇത്തവണ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം 1.94ലക്ഷം പേർക്ക് പെൻഷൻ കിട്ടിയില്ല. ഇത് സംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവരുകയാണ്. പി എഫ് എം എസിലെ പ്രശ്നമാണ് തുക അക്കൗണ്ടില്‍ എത്താൻ തടസമായത്. അടുത്ത ദിവസംതന്നെ പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചെന്നും സർക്കാർ വ്യക്തമാക്കി.