National

“മോദി..മോദി..എന്ന് വിളിക്കുന്ന വിദ്യാർത്ഥികളുടെ മുഖത്തടിക്കണം”; വിവാദ പരാമർശവുമായി കർണാടക മന്ത്രി, വിമർശിച്ച് ബിജെപി

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിൽ കർണാടക മന്ത്രി എസ് തംഗദഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതാവിനെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നാണ് ആവശ്യം. മോദി, മോദി എന്ന് മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളുടെ മുഖത്തടിക്കണമെന്ന തംഗദഗിയുടെ പ്രസ്താവന വൻ വിവാദമായിരുന്നു. കൊപ്പലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു തങ്കഡഗിയുടെ വിവാദ പരാമർശം.

“രണ്ട് കോടി തൊഴിലവസരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. അത് ലഭിച്ചോ? വീണ്ടും ഓരോ തെരഞ്ഞെടുപ്പ് അടവുമായി ബിജെപി വന്നിരിക്കുകയാണ്. യുവാക്കളുടെ മുഖത്ത് നോക്കി വോട്ട് ചോദിക്കാൻ ബിജെപിക്ക് എങ്ങനെ കഴിയും? യുവാക്കൾ തൊഴിൽ ചോദിച്ചാൽ പക്കോഡ വിൽക്കാനാണ് ബിജെപി പറയുന്നത്. അവർ ലജ്ജിക്കണം. വിദ്യാർത്ഥികളോ യുവാക്കളോ മോദി..മോദി.. എന്ന് വിളിച്ച് പിന്തുണച്ചാൽ അവരുടെ മുഖത്തടിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാക്കളെ തോൽപ്പിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും നിലനിന്നിട്ടില്ലെന്ന് കർണാടക മന്ത്രിയുടെ പരാമർശത്തോട് പ്രതികരിച്ച് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഇന്ത്യയുടെ യുവത്വം രാഹുൽ ഗാന്ധിയെ ആവർത്തിച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി മോദി തന്നെ രാജ്യത്തെ നയിക്കണമെന്നാണ് അവരുടെ ആവശ്യം. അതുകൊണ്ട് കോൺഗ്രസ് അവരെ ആക്രമിക്കുമോ? ഇത് ലജ്ജാകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.