Tuesday, November 5, 2024
Latest:
National

ജയിലിൽനിന്ന് പ്രിന്റിങ് പരിശീലനം നേടി; പുറത്തിറങ്ങി കള്ളനോട്ടടി; യുവാവ് പിടിയിൽ

Spread the love

ജയിലിൽനിന്ന് പ്രിന്റിങ് പരിശീലനം നേടി പുറത്തിറങ്ങിയ ശേഷം കള്ള നോട്ടടിച്ച് യുവാവ് പിടിയിൽ. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖത്(35) ആണ് അറസ്റ്റിലായത്. 200 രൂപയുടെ 95 കള്ളനോട്ടുകളാണ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ഭൂപേന്ദ്ര സിങ് ധഖത്. അടുത്തിടെയാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

ജയിലിൽ തടവുകാർക്കുള്ള വൊക്കേഷണൽ ട്രെയിനിങ്ങിന്റെ ഭാഗമായി ഇയാൾ പ്രിന്റിങ്ങിൽ പരിശീലനം നേടിയിരുന്നു. ഇതാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഉപജീവനത്തിനായി കണ്ടെത്തിയത്. എന്നാൽ‍ അത് കള്ളനോട്ടടിക്കാനാണെന്ന് മാത്രം. ഏതാനും മാസങ്ങളായി കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നുണ്ടെന്നാണ് ഭൂപേന്ദ്രസിങ് പൊലീസിന് നൽകിയ മൊഴി.

ജയിൽനിന്നിറങ്ങിയാൽ സാധാരണജീവിതം നയിക്കാനായി തടവുകാരെ സഹായിക്കാനാണ് വിവിധമേഖലകളിൽ പരിശീലനം നൽകുന്നത്. എന്നാൽ, ജയിലിൽനിന്ന് കിട്ടിയ വിദ്യ കള്ളനോട്ടടിക്കാനാണ് ഭൂപേന്ദ്ര സിങ് ഉപയോഗിച്ചത്. ഓഫ്‌സെറ്റ് പ്രിന്റിങ്, സ്‌ക്രീൻ പ്രിന്റിങ് എന്നിവയിലാണ് ജയിലിൽ പരിശീലനം നൽകിയിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് നോട്ടടിക്കാനുള്ള കളർ പ്രിന്റർ, ആറ് മഷിക്കുപ്പികൾ, വിവിധതരം കടലാസുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.