പോസ്റ്ററില്‍ തൃപ്രയാര്‍ ക്ഷേത്രത്തിന്റെ ചിത്രം; വി എസ് സുനില്‍ കുമാറിനെതിരെ വീണ്ടും പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി
തൃശൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിനെതിരെ വീണ്ടും പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി. കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റും എംപിയുമായ ടി.എന്‍.പ്രതാപനാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. തൃപ്രയാര്‍ ക്ഷേത്രത്തിന്റെയും തൃപ്രയാര്‍ തേവരുടെയും ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് നാട്ടിക നിയോജകമണ്ഡലത്തിലെ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ 87ാം ബൂത്ത് ചിറയ്ക്കല്‍ സെന്ററില്‍ സ്ഥാപിച്ചതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മത സ്ഥാപനങ്ങളുടെയും മത ചിഹ്നങ്ങളുടെയും ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ആരോപണം.
അന്വേഷണം നടത്തി ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇലക്ഷന്‍ അംബാസിഡറാരായ ടൊവിനോ തോമസിന്റെ ചിത്രം ഉപയോഗിച്ചതിന് സുനില്‍കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരുന്നു.
ഒരു സിനിമാ ലൊക്കേഷനില്‍ വച്ച് വി എസ് സുനില്‍കുമാര്‍ ടൊവിനോയെ കണ്ടപ്പോള്‍ സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രം സുനില്‍ കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചതാണ് മുന്‍പ് വിവാദമായത്. ചിത്രത്തില്‍ തൃശൂരിന്റെ മിന്നും താരങ്ങളെന്ന ക്യാപ്ഷന്‍ ഉള്‍പ്പെടുത്തി സിപിഐ ചിഹ്നവും വി എസ് സുനില്‍കുമാറിനെ വിജയിപ്പിക്കുക എന്ന വാക്യവും ചേര്‍ത്ത് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയതിനെതിരെയാണ് പരാതി ഉയര്‍ന്നത്. കേരള തെരഞ്ഞെടുപ്പ് കമ്മിഷന്റെ SVEEP അംബാസിഡറാണ് താനെന്നും തന്റെ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാകുമെന്നും ടൊവിനോ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ സൂചിപ്പിച്ചതിന് പിന്നാലെ തന്നെ സുനില്‍ കുമാര്‍ ചിത്രം ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.