Kerala

മുട്ടിൽ മരംമുറി: തടികൾ കണ്ടുകെട്ടിയതിനെതിരായ ഇടക്കാല സ്റ്റേ തുടരുന്നു, 2 വർഷമായിട്ടും അനങ്ങാതെ വനംവകുപ്പ്

Spread the love

കൽപ്പറ്റ : മുട്ടിൽ മരംമുറിക്കേസിലെ തടികൾ കണ്ടുകെട്ടിയതിനെതിരായ ഇടക്കാല സ്റ്റേ രണ്ടുവർഷമായിട്ടും നീങ്ങിയില്ല. വനംവകുപ്പ് കോടതിയിൽ വാദം പറയാത്തതാണ് കാരണമെന്നാണ് വിമർശനം. എന്നാൽ പ്രതികൾ മനപ്പൂർവം ഹർജികൾ നൽകി നടപടികൾ വൈകിപ്പിക്കുന്നുവെന്നാണ് പ്രോസിക്യൂഷൻ വിശദീകരണം.

2022 ജൂണിലാണ് മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആൻ്റോ അഗ്സ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർ വയനാട് അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് ഇടക്കാല സ്റ്റേ നേടിയത്. മുറിച്ചുകടത്തിയ 104 ഈട്ടി മരങ്ങൾ വനംവകുപ്പ് കണ്ടുകെട്ടിയ നടപടിക്ക് എതിരെയായിരുന്നു ഇടക്കാല സ്റ്റേ. മരങ്ങളുടെ ഉടമസ്ഥത അവകാശപ്പെട്ടും പ്രതികൾ ഹർജി നൽകി. എന്നാൽ വനംവകുപ്പ് കൃത്യമായി വാദം പറയാത്തതിനാൽ കേസ് നീണ്ടുപോയി എന്നാണ് വിമർശനം. നാളെ ഹർജികൾ വീണ്ടും കോടതി പരിഗണിക്കും. നിർബന്ധമായും വാദം പറയണമെന്നാണ് പ്രോസിക്യൂഷന് നൽകിയ നിർദേശം.വാദം പറഞ്ഞ് ഇടക്കാല സ്റ്റേ നീങ്ങിയാൽ മരങ്ങൾ ലേലം ചെയ്യുന്നതടക്കം തുടർ നടപടികൾ വനംവകുപ്പിന് സ്വീകരിക്കാം.

കുപ്പാടിയിലെ ഡിപ്പോയിലാണ് തടികൾ സൂക്ഷിച്ചിരിക്കുന്നത്. വെയിലും മഴയും ഈർപ്പവും കൊണ്ട് മരങ്ങൾ ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. നടപടികൾ നീണ്ടാൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകും. റവന്യുവകുപ്പിൻ്റെ ഉത്തരവ് അനുസരിച്ചാണ് മരങ്ങൾ മുറിച്ചതും വാങ്ങിയും. അതിനാൽ ഉടമസ്ഥത തങ്ങൾക്കാണെന്ന് പ്രതികൾ അവകാശപ്പെടുന്നു. പക്ഷേ, കാലപ്പഴക്കവും ഡിഎൻയും പരിശോധിച്ചപ്പോൾ, 570 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് പ്രതികൾ മുറിച്ചു കടത്തിയതെന്ന് വ്യക്തമായി. പട്ടയഭൂമിലായതിനാൽ മരങ്ങളെല്ലാം സർക്കാരിലേക്ക് നിക്ഷിപ്തവുമാണ്. ഈ വാദം നിരത്തിയാൽ ഇടക്കാല സ്റ്റേ നീങ്ങുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. സ്റ്റേ നീക്കാത്തതിന്റെ ഗുണം കിട്ടുക പ്രതികൾക്ക് എന്നതാണ് മറുവശം

എന്നാൽ മരം ലേലം ചെയ്യാൻ അനുമതി തേടി വനംവകുപ്പ് പുതിയ ഹർജി നൽകുകയാണുണ്ടായത്. കെഎൽസി പ്രകാരം റവന്യുവകുപ്പ് തുടങ്ങിയ പിഴചുമത്തൽ നടപടികൾ നിലച്ച മട്ടാണ്. അന്വേഷണം പൂർത്തിയാക്കി പ്രത്യേക അന്വേഷണ
സംഘം കുറ്റപത്രം സമർപ്പിച്ചതും സ്പെഷ്യൽ പ്രോസിക്യൂട്ടറെ വച്ചതും മാത്രമാണ് കേസിലെ ഏക പുരോഗതി.