ജയിലില്‍ നിന്ന് ഗ്യാങിനെ നിയന്ത്രിക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്, സര്‍ക്കാരിനെ അങ്ങനെ നിയന്ത്രിക്കാനൊന്നും പറ്റില്ല; അതിഷിയ്ക്കും കെജ്രിവാളിനുമെതിരെ ബിജെപി
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹി ഭരിക്കുമെന്ന ആം ആദ് പാര്‍ട്ടി മന്ത്രി അതിഷിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി. ഗ്യാങുകള്‍ ജയിലില്‍ നിന്ന് നയിക്കാമെങ്കിലും സര്‍ക്കാരിനെ ജയിലില്‍ നിന്ന് നയിക്കാനാകില്ലെന്നായിരുന്നു ബിജെപി എംപി മനോജ് തിവാരിയുടെ പരിഹാസം. ഡല്‍ഹിയിലെ ജനങ്ങളെ ദുരിതത്തിലാക്കിയ കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ അത് മധുരം വിതരണം ചെയ്ത് ആഘോഷിച്ചെന്നും ബിജെപി ആരോപിച്ചു.
ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് കെജ്രിവാളിന്റേതെന്ന് മനോജ് തിവാരി ആരോപിച്ചു. വികസനപ്രവര്‍ത്തനങ്ങളൊന്നും നടത്താതെ സ്വന്തം കീശ വീര്‍പ്പിക്കുന്നതില്‍ മാത്രമായിരുന്നു എഎപി മന്ത്രിമാര്‍ ശ്രദ്ധിച്ചിരുന്നത്. സ്വന്തം ഗ്യാങിനെ ജയിലില്‍ നിന്ന് നിയന്ത്രിക്കുന്ന കുറ്റവാളികളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും സര്‍ക്കാരിനെ ജയിലില്‍ നിന്ന് നിയന്ത്രിക്കുന്ന കാര്യം നടപ്പില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു. വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഇന്ന് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ബിജെപിയ്‌ക്കെതിരെ സുപ്രധാന ചോദ്യങ്ങളാണ് അതിഷി ഉള്‍പ്പെടെയുള്ള എഎപി നേതാക്കള്‍ ഉന്നയിച്ചത്. കേസില്‍ മുന്‍പ് പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിയ്ക്ക് ഇലക്ടറല്‍ ബോണ്ട് വഴി 4.5 കോടി രൂപ നല്‍കിയയാളെന്ന് എഎപി ആരോപിച്ചു. വിഷയത്തില്‍ ഇ ഡി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്‌ക്കെതിരെ കേസെടുക്കണമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായവരുട പക്കല്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്നും എഎപി ആരോപിക്കുന്നു. ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറല്‍ ബോണ്ടില്‍ പണം നല്‍കിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ കൂടി പുറത്തുവിട്ടുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്.