ദിണ്ടിഗലിൽ സിപിഎം-എസ്‌ഡിപിഐ പോരാട്ടം
തമിഴ്നാട്ടിലെ ദിണ്ടിഗലിലെ ലോക്‌സഭാ മണ്ഡലത്തിൽ സിപിഎമ്മും എസ്‌ഡിപിഐ നേർക്കുനേർ ഏറ്റുമുട്ടും. സിപിഎമ്മിൽ നിന്ന് കോയമ്പത്തൂര്‍ സീറ്റ് തിരിച്ചെടുത്ത ഡിഎംകെ പകരം നൽകിയതാണ് പാർട്ടിയുടെ ഉരുക്കുകോട്ടയായ ദിണ്ടിഗൽ. ദിണ്ടിഗലിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദൻ സ്ഥാനാർഥിയാവും. ഡിണ്ടിഗലിൽ എഐഎഡിഎംകെ-എസ്ഡിപിഐ സഖ്യത്തിൻ്റെ സ്ഥാനാർഥിയായി നെല്ലൈ മുബാറക് മത്സരിക്കും. എസ്‌ഡിപിഐ സംസ്ഥാന അധ്യക്ഷനാണ് മുബാറക്.
എഐഎഡിഎംകെ ചിഹ്നത്തിലാണ് എസ്‌ഡിപിഐ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെയും എൻഡിഎ സഖ്യത്തിനൊപ്പമായിരുന്നു എഐഎഡിഎംകെ. സഖ്യത്തിൽ സന്തോഷമുണ്ടെന്ന് എസ്‌ഡിപിഐ പറയുന്നുണ്ടെങ്കിലും എഐഎഡിഎംകെയുടെ മുൻകാലചരിത്രത്തിൽ അതൃപ്തരായവർ ഏറെയാണ്. എന്നാൽ എൻഡിഎ മുന്നണി വിട്ടതിനുശേഷമാണ് എഐഎഡിഎംകെയുമായി ചർച്ചപോലും നടത്തിയതെന്നാണ് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൾ മജീദ് ഫൈസി പറയുന്നത്. 1977ൽ ജനസംഘത്തിനൊപ്പമായിരുന്നു സിപിഎം. പല പാർട്ടികളുടെയും പിൻകാല ചരിത്രവും സഖ്യങ്ങളും തിരഞ്ഞുപോയാൽ ഇന്ന് കുറ്റംപറയുന്നവരെല്ലാം ധർമ്മസങ്കടത്തിലാകുമെന്നും ഫൈസി പറഞ്ഞു.
എസ്‌ഡിപിഐ ഇതുവരെ വിവിധ മണ്ഡലങ്ങളിലേക്കുള്ള 17 സ്ഥാർഥികളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തിലെ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. 2019ൽ കേരളത്തിൽ ഒമ്പതു മണ്ഡലങ്ങളിൽ എസ്‌ഡിപിഐക്ക് സ്ഥാനാർഥികളുണ്ടായിരുന്നു. ബിജെപിയെ ജയിക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ് എസ്‌ഡിപിഐയുടെ ലക്ഷ്യം. അതിനാൽ വോട്ടുകൾ ഭിന്നിക്കാതെയിരിക്കാൻ ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിക്കില്ലെന്നതാണ് എസ്‌ഡിപിഐ നയം.
പളനി, ഒഡൻചത്രം, ഡിണ്ടിഗൽ, അത്തൂർ, നിലക്കോട്ടെ നാഥം നിയസഭാ മണ്ഡലങ്ങളാണ് ദിണ്ടിഗൽ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപിക്കായി കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് അഭ്യൂഹം ഉണ്ടായതിനെത്തുടർന്നാണ് മുന്നണിയിലുള്ള സിപിഎമ്മിൽ നിന്നും കോയമ്പത്തൂർ സീറ്റ് ഡിഎംകെ തിരിച്ചുവാങ്ങി പകരം ദിണ്ടിഗൽ നൽകിയത്. ദിണ്ടിഗൽ ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ നിയോജക മണ്ഡലങ്ങളിൽ സിപിഎം ഒട്ടേറെ തവണവിജയിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയായ സച്ചിദാനന്ദൻ മണ്ഡലത്തിൽ വിജയിച്ചാൽ ദിണ്ടിഗലിലെ ആദ്യ സിപിഎം എംപിയാകും.
തമിഴ്നാട്ടിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി 2019ൽ ഡിഎംകെ ജയിച്ച മണ്ഡലമാണ് ദിണ്ടിഗൽ. 5.38 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഡിഎംകെയുടെ പി വേലുസാമി ഇവിടെ ജയിച്ചത്. സിപിഎമ്മിനും സ്വാധീനമുള്ള മണ്ഡലമാണ് ദിണ്ടിഗൽ.