ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരായ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്രിവാൾ; നീക്കം ഇഡി തടസ ഹർജി നൽകിയതിന് പിന്നാലെ
മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരായ ഹർജി പിൻവലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇഡി തടസ ഹർജി നൽകിയതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്. ഹർജി സുപ്രിംകോടതി ഏതെങ്കിലും സാഹചര്യത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയാണെങ്കിൽ ജാമ്യ ഹർജി ഉൾപ്പെടെ സമർപ്പിക്കുന്നതിൽ വീഴ്ചയുണ്ടാകാരുത് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി പിൻവലിക്കുന്നത്.
വിചാരണകോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കാം. വേഗത്തിൽ വാദം കേട്ട് തീരുമാനമെടുക്കണമെന്ന് അഭിഭാഷകർക്ക് ആവശ്യപ്പെടാം. മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആർ.എസ്. നേതാവ് കവിത നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാതെ വിചാരണക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചിരുന്നു.
അതേസമയം അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുയാണ്. ഐടിഒ പരിസരത്ത് നിന്ന് ബിജെപി ഓഫീസിലേക്ക് മാർച്ചിനൊരുങ്ങിയ ആം ആദ്മി പ്രവർത്തകരെ പൊലീസ് തടഞ്ഞത് വൻ സംഘർഷത്തിന് ഇടയാക്കി. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിമാരായ അതിഷി മർലേനയും സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.