Kerala

മാങ്കുളം അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും; മോട്ടോർ വാഹന വകുപ്പ്

Spread the love

അടിമാലി മാങ്കുളം പേമരം വളവിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയുമെന്ന് മോട്ടോർ വാഹന വകുപ്പ്. ക്രഷ് ബാരിയറുകൾ റോഡിൽ സ്ഥാപിച്ചത് അശാസ്ത്രീയമായാണെന്നും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. എന്നാൽ റോഡിൻ്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

16 കിലോമീറ്റർ തുടർച്ചയായുള്ള ഇറക്കത്തിൽ 11 തവണയാണ് പേമരം വളവിൽ മാത്രം അപകടമുണ്ടായത്. തമിഴ്നാട്ടിൽനിന്ന് 14 പേരുമായി വന്ന ട്രാവലർ അപകടം തടയാൻ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറുകൾ തകര്‍ത്താണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്.

റോഡിൽ അപായ സൂചന ബോർഡുകൾ ഉണ്ടായിരുന്നു എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.
അപകട വളവ് ഒഴിവാക്കാൻ പ്രദേശവാസി സ്ഥലം വിട്ട് നൽകാമെന്ന് അറിയിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.

അതേസമയം അപകടത്തിൽ മരിച്ച നാല് പേരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. പരുക്കേറ്റ ചികിത്സയിൽ കഴിയുന്ന 10 പേർ അപകടനില തരണം ചെയ്തു.