Monday, January 27, 2025
Kerala

മോദിയുടെ ഗ്യാരന്റി – മോദിയുടെ വാക്കിന് വില ഇല്ല എന്നാണ്: വി ഡി സതീശൻ

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മോദിയുടെ ഗ്യാരന്റി – മോദിയുടെ വാക്കിന് വില ഇല്ല എന്നാണ്. പഴയ ചാക്ക് പോലെ. മണിപ്പൂരിൽ നിരവധി ദേവാലയങ്ങൾ തകർക്കപ്പെട്ടു. നരേന്ദ്രമോദി ഇതുവരെ മണിപ്പൂരിൽ പോയില്ല. എന്നിട്ട് ക്രിസ്തുമസ് കാലത്ത് കേക്കുമായി കയറി ഇറങ്ങുന്നു. ബിജെപി നേതാക്കൾ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ എന്ന് വി. ഡി. സതീശൻ വ്യക്തമാക്കി.

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച എം എം മണിയുടെ പ്രസംഗത്തെ വി ഡി സതീശൻ വിമര്‍ശിച്ചു. പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് എം എം മണിയെന്ന് സതീശൻ വിമര്‍ശിച്ചു.

എന്തും പറയാൻ മടിക്കാത്ത ആളാണ് എം എം മണി. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണാണ് മണി അധിക്ഷേപ പരാമർശമെന്നും സതീശൻ കുറ്റപ്പെടുത്തി. സിപിഎം ബിജെപി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാൻ മണിയെ ഇറക്കി വിടുകയാണെന്നും സതീശൻ വിമര്‍ശിച്ചു.

മാന്യന്‍മാരുടെ വീടിന് മുന്നിൽ പോയി തെറി വിളിക്കാൻ പ്രമാണിമാർ കള്ള് കൊടുത്ത് ചട്ടമ്പികളെ പറഞ്ഞ് അയക്കും. അതുപോലെ എം എം മണിയെ സിപിഎം ഇറക്കി വിടുകയാണ്. എം എം മണിക്ക് എന്തേലും അസുഖം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണമെന്നും വി ഡി സതീശൻ പരിഹസിച്ചു.